മിര്‍പൂര്‍: ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 226 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 225 റണ്‍സ് നേടിയത്.
ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖിന്‍റെ സെഞ്ച്വറിയും ഷമിമ സുല്‍ത്താനയുടെ അര്‍ധ സെഞ്ച്വറിയുമാണ് ബംഗ്ലാദേശിനെ മികച്ച നിലയില്‍ എത്തിച്ചത്. 160 പന്തുകളില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം 107 റണ്‍സാണ് ഫര്‍ഗാന ഹഖ് നേടിയത്. ഇതോടെ ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടുന്ന ആദ്യ ബാംഗ്ലാദേശ് വനിത താരമെന്ന വമ്പന്‍ റെക്കോഡ് പേരിലാക്കാനും ഫര്‍ഗാന ഹഖിന് കഴിഞ്ഞു.
ഷമിമ സുല്‍ത്താന 78 പന്തുകളില്‍ 52 റണ്‍സടിച്ചു. മികച്ച തുടക്കമാണ് ഫര്‍ഗാന ഹഖും ഷമിമ സുല്‍ത്താനയും ചേര്‍ന്ന് അതിഥേയര്‍ക്ക് നല്‍കിയത്. 26.2 ഓവറുകള്‍ നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ഷമിമ സുല്‍ത്താനെയെ ഹര്‍മന്‍പ്രീത് കൗറിന്‍റെ കയ്യിലെത്തിച്ച് സ്‌നേഹ് റാണയാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് എത്തിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയ്‌ക്ക് ഒപ്പം ചേര്‍ന്ന ഫര്‍ഗാന ഏറെ ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്.
ഇരുവരും ചേര്‍ന്ന് 38-ാം ഓവറില്‍ ബംഗ്ലാദേശിനെ 150 റണ്‍സ് കടത്തി. എന്നാല്‍ അധികം വൈകാതെ നിഗര്‍ സുല്‍ത്താനയെ മടക്കി സ്‌നേഹ് റാണ ഇന്ത്യയ്‌ക്ക് ആശ്വാസം നല്‍കി. 36 പന്തുകളില്‍ 24 റണ്‍സ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റനെ അമന്‍ജോത് കൗര്‍ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 71 റണ്‍സാണ് ഫര്‍ഗാന ഹഖിനൊപ്പം നിഗര്‍ സുല്‍ത്താന ബംഗ്ലാ ടോട്ടലില്‍ ചേര്‍ത്തത്.