മിര്‍പൂര്‍:ബംഗ്ലാദേശ് ഇന്ത്യ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍. രാവിലെ 9 മുതല്‍ മിര്‍പൂരിലാണ് മത്സരം. പരമ്പരയിലെ അവസാന പോരാട്ടത്തില്‍ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യാത്ര എളുപ്പമാക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക.
ക്യാപ്‌റ്റന്‍ കെ എല്‍ രാഹുലിന്‍റെ പരിക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ കാര്യങ്ങളെല്ലാം ശുഭകരമാണ്. ശുഭ്‌മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം ബാറ്റിങ്ങില്‍ മികച്ച ഫോമിലാണ്. പുജാര, ഗില്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു.
ബോളിങ്ങില്‍ സ്‌പിന്നാണ് ടീമിന്‍റെ കരുത്ത്. മുഹമ്മദ് സിറാജ് നയിക്കുന്ന പേസും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.
മറുവശത്ത് ബംഗ്ലാദേശിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പരിചയസമ്പന്നരായ താരങ്ങള്‍ മികവിനൊത്ത പ്രകടനം പുറത്തെടുക്കാത്തതാണ് ഒന്നാം ടെസ്റ്റില്‍ ടീമിന് തിരിച്ചടിയായത്. മുഷ്‌ഫീഖര്‍ റഹീമിനും ലിറ്റണ്‍ ദാസിനും ആദ്യ മത്സരത്തില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചില്ല.
ആദ്യ ടെസ്റ്റില്‍ തോളിന് പരിക്കേറ്റ് പന്തെറിയാതിരുന്ന ഷാക്കിബ് അല്‍ ഹസന്‍ ഇന്നത്തെ മത്സരത്തില്‍ പന്തെറിഞ്ഞേക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ നജ്‌മുള്‍ ഹുസൈന്‍ ഷാന്‍റോയും സകീര്‍ ഹുസൈനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാം മത്സരത്തിലും ഇവരുടെ ബാറ്റിങ്ങിലാണ് ആതിഥേയരുടെ പ്രതീക്ഷ.
സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ബോളര്‍മാരും ടീമിന് തലവേദനായാണ്. പേസ് ബോളര്‍ ടസ്‌കിന്‍ അഹമ്മദ് ടീമിലേക്ക് മടങ്ങിയെത്തുന്നത് ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആത്മവിശ്വാസം കൂട്ടും.