മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ബംഗ്ലാദേശ്. അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്‌റ്റില്‍ 546 റണ്‍സിന് കൂറ്റന്‍ വിജയമാണ് ബാംഗ്ലാദേശ് നേടിയത്. സ്കോര്‍: ബംഗ്ലാദേശ്- 382, 425/4, അഫ്ഗാനിസ്ഥാന്‍- 146,115.റണ്‍ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാമത്തെയും, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവുമാണിത്.
1928-ല്‍ ഓസ്ട്രേലിയക്കെതിരെ 675 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചതും, 1934-ല്‍ ഇംഗ്ലണ്ടിനെതിരെ 562 റണ്‍സിന് ഓസ്ട്രേലിയ ജയിച്ചതുമാണ് ടെസ്റ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തിലുള്ള വിജയങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ബാംഗ്ലാദേശ് ഉയര്‍ത്തിയ 662 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന്‍ 115 റണ്‍സില്‍ പുറത്താവുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്‌ത്തിയ ടസ്‌കിന്‍ അഹമ്മദും മൂന്ന് വിക്കറ്റ് നേടിയ ഷൊറിഫുള്‍ ഇസ്ലാമുമാണ് അഫ്‌ഗാനെ തകര്‍ത്തത്. വമ്പന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്. 73 പന്തില്‍ 30 റണ്‍സ് എടുത്ത റഹ്‌മത് ഷായാണ് അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍. റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി (14 പന്തില്‍ 13), കരിം ജനാത് (18 പന്തില്‍ 18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.
മുൻകാലങ്ങളിൽ സ്പിന്നിനെ സഹായിക്കുന്ന മിര്‍പുരിലെ പിച്ചില്‍ ബംഗ്ലാദേശിന്റെ പേസര്‍മാര്‍ ആധിപത്യം പുലർത്തുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ അഫ്‌ഗാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും അവസാന ബാറ്റർ സാഹിർ ഖാൻ ഉൾപ്പെടെ പരിക്കേറ്റ് മടങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.