ധാക്ക : ക്രിക്കറ്റിലെ വമ്പൻമാരായ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ 10 റണ്‍സിന് ഓസീസിനെ കീഴടക്കിയാണ് ബംഗ്ലാദേശ് പരമ്പര വിജയം ആഘോഷിച്ചത്. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കുന്നത്.
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിന്‍റെ 128 റണ്‍സ് പിൻതുടർന്ന് ഇറങ്ങിയ ഓസീസ് ബാറ്റിങ് നിരയ്ക്ക് 20 ഓവറിൽ 117 റണ്‍സേ നേടാനായുള്ളൂ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങിയ മുസ്തഫിസുർ റഹ്മാനാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് എത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അർധശതകം തികച്ച മഹ്മൂദുല്ലയുടെയും (53 പന്തിൽ 52) ഷാക്കിബ് അൽ ഹസന്‍റെയും (17 പന്തിൽ 26) മികവിലാണ് 128 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കായി മിച്ചൽ മാർഷ് അർധശതകം (47 പന്തിൽ 51) നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ALSO READ:കൂടുതൽ ടെസ്റ്റ് വിക്കറ്റ് : കുംബ്ലെയെ മറികടന്ന് ജെയിംസ് ആൻഡേഴ്‌സണ്‍
ഓസ്ട്രേലിയക്കായി ടി-20യിൽ അരങ്ങേറിയ നഥൻ എല്ലിസ് ഇന്നിങ്സിന്‍റെ അവസാന മൂന്ന് പന്തുകളിൽ തുടർച്ചയായ വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക്ക് നേടി. അരങ്ങേറ്റ ടി-20യിൽ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരം എന്ന റെക്കോർഡും ഇതോടെ എല്ലിസ് സ്വന്തമാക്കി.