ധാക്ക: ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഷാക്കിബ് അല്‍ ഹസന്‍ നായകനായ 15 അംഗ ടീമിനെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റന്‍ മഹ്മൂദുല്ല റിയാദിനെ ഒഴിവാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ടീം ഡയറക്ടർ ഖാലിദ് മുഹമ്മദ് സുജോൺ പറഞ്ഞു. ഈ വര്‍ഷമാദ്യമാണ് ഓള്‍ റൗണ്ടറായ മഹ്മൂദുല്ലയെ ടി20 ടീമിന്‍റെ നായക സ്ഥാനത്തുനിന്നും നീക്കിയത്.
മൂന്ന് വർഷത്തിന് ശേഷം ഏഷ്യ കപ്പിൽ ഒരു മത്സരം മാത്രം കളിച്ച് തിരിച്ചെത്തിയ സബ്ബിർ റഹ്മാൻ ടീമിലിടം പിടിച്ചു. പരിക്കില്‍ നിന്നും മോചിതരായ നൂറുൽ ഹസൻ സോഹന്‍, ലിറ്റൺ ദാസ്, യാസിർ അലി ചൗധരി, ഹസൻ മഹ്മൂദ് എന്നിവര്‍ തിരിച്ചെത്തി. ഏഷ്യ കപ്പില്‍ തിളങ്ങാനാവാത്ത ഓള്‍റൗണ്ടര്‍ മെഹ്‌ദി ഹസൻ സ്റ്റാന്‍ഡ് ബൈ താരമായാണ് ഇടം നേടിയത്.