മിര്‍പൂര്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്. മുന്‍ നിര താരങ്ങളിലേറെയും നിരാശപ്പെടുത്തിയ മത്സരത്തില്‍ ആര്‍ അശ്വിന്‍റെ സമയോചിത പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് വിജയം കൊണ്ടുവന്നത്.
62 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. 29 റണ്‍സുമായി ശ്രേയസ് അയ്യര്‍ അശ്വിനൊപ്പം പുറത്താവാതെ നിന്നപ്പോള്‍ 34 റണ്‍സടിച്ച അക്‌സര്‍ പട്ടേലും മികച്ച പ്രകടനം നടത്തിയിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി മെഹിദി ഹസനാണ് ഇന്ത്യയുടെ മുന്‍ നിരയെ തകര്‍ത്തത്.
ശുഭ്മാന്‍ ഗില്‍ (7), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (1) തുടങ്ങിയവരാണ് മെഹിദിയുടെ ഇരയായത്. മെഹിദിയുടെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ മൊമിനുള്‍ ഹഖിന് ക്യാച്ച് നല്‍കിയായിരുന്നു കോലിയുടെ മടക്കം. ഇതിന് പിന്നാലെ ബംഗ്ലാ താരം തയ്‌ജുല്‍ ഇസ്‌ലാമിനോട് താരം കൊമ്പുകോര്‍ക്കുകയും ചെയ്‌തു.
എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മെഹിദിയെ അഭിനന്ദിക്കാന്‍ കോലി മറന്നില്ല. ഇതിന്‍റെ ഭാഗമായി കോലി ഒപ്പിട്ട ഒരു ഏകദിന ജഴ്‌സി താരം മെഹിദിയ്‌ക്ക് കൈമാറുകയായിരുന്നു. ഇതിന്‍റെ ചിത്രം മെഹിദി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ''മഹാനായ ക്രിക്കറ്റ് താരത്തില്‍ നിന്ന് സ്പെഷല്‍ സുവനീര്‍.'' എന്നാണ് ചിത്രത്തോടൊപ്പം മെഹിദി കുറിച്ചത്.
അതേസമയം മിര്‍പൂരിനെ വിജയത്തോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 188 റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
നിലവിലെ പട്ടികയില്‍ ഓസ്‌ട്രേലിയയാണ് തലപ്പത്ത് തുടരുന്നത്. 13 മത്സരങ്ങളില്‍ 120 പോയിന്‍റും 76.92 പോയിന്‍റ് ശരാശരിയുമാണ് ഓസീസിനുള്ളത്. രണ്ടാമതുള്ള ഇന്ത്യക്കുള്ളത് 14 കളിയില്‍ 87 പോയിന്‍റും 58.93 പോയിന്‍റ് ശരാശരിയുമുണ്ട്.
Also read: Watch : വിട്ടുകളഞ്ഞത് നാല് ക്യാച്ചുകള്‍ ; പുറത്തായതില്‍ പിന്നെ ബംഗ്ലാ താരങ്ങളോട് കലിപ്പ്, കോലിക്ക് വീണ്ടും കലികാലം ?