മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം പാളി. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കെഎല്‍ രാഹുല്‍ (10), ശുഭ്‌മാന്‍ ഗില്‍ (20), ചേതേശ്വര്‍ പുജാര (24), വിരാട് കോലി (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
റിഷഭ് പന്ത് (12*), ശ്രേയസ് അയ്യർ (8*) എന്നിവരാണ് ക്രീസില്‍. വിക്കറ്റ് നഷ്‌ടമില്ലാതെ 19 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ ഓപ്പണര്‍മാരായ രാഹുലിനും ഗില്ലിനും അധികം പിടിച്ച് നില്‍ക്കാനായില്ല.
രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. പിന്നാലെ ഗില്ലും വീണു. ഇരുവരും തയ്‌ജുല്‍ ഇസ്‌ലാമിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ആധികം വൈകാതെ പുജാരയും തിരിച്ച് കയറുകയായിരുന്നു. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച താരത്തെ തയ്‌ജുല്‍ ഇസ്‌ലാമിന്‍റെ തന്നെ പന്തില്‍ മൊനിമുള്‍ ഹഖ് പിടികൂടുകയായിരുന്നു. കോലിയെ ടസ്‌കിൻ മടക്കി അയച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നേടിയ 227 റണ്‍സിന് 141 റണ്‍സ് പിറകിലാണ് നിലവില്‍ ഇന്ത്യയുള്ളത്. ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ബംഗ്ലാദേശിനായി മൊനിമുള്‍ ഹഖാണ് തിളങ്ങിയത്. 157 പന്തില്‍ 84 റണ്‍സാണ് ഹഖ് നേടിയത്. ഇന്ത്യയ്‌ക്കായി ഉമേഷ് യാദവും ആര്‍ അശ്വിനും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. ജയദേവ് ഉനദ്‌ഘട്ടിന് രണ്ട് വിക്കറ്റുണ്ട്.
Also read:BAN VS IND: 'ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്'; കുല്‍ദീപിനെ ഒഴിവാക്കിയതില്‍ ഉമേഷ് യാദവ്