മുംബൈ : ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. ടീമിന്‍റെ സ്റ്റാര്‍ പേസ് ഓള്‍ റൗണ്ടര്‍ ദീപക് ചഹാർ സീസണില്‍ കളിച്ചേക്കില്ല. പരിക്കേറ്റ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന ദീപക്കിന് വീണ്ടും പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്.
കഴിഞ്ഞ ഒരുമാസമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരം ഏപ്രിൽ രണ്ടാം വാരത്തിന് മുമ്പ് ടീമിനൊപ്പം ചേരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മുതുകിന് പരിക്കേറ്റതോടെ ദീപക്കിന് ഈ സീസണില്‍ കളിക്കാനാവില്ലെന്ന് ഫ്രാഞ്ചൈസിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല.