കറാച്ചി : ടി20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ പാക് നായകൻ ബാബർ അസം തന്‍റെ ടീമിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ബാബർ കടുത്ത വിഷമത്തിലാണ് ടൂർണമെന്‍റിലുടനീളം കളിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്‍റെ പിതാവ് അസം സിദ്ദിഖി.
ഇന്ത്യക്കെതിരായ മത്സരത്തിൽ ബാബർ കളിക്കുമ്പോൾ തന്‍റെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഈ സമ്മർദം എല്ലാം ഉള്ളിലൊതുക്കിയാണ് താരം ഇന്ത്യക്കെതിരെ പുറത്താകാതെ 68 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
'ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച പാക് ടീമിന് അഭിനന്ദനങ്ങൾ. എന്‍റെ രാജ്യം ചില സത്യങ്ങൾ മനസിലാക്കേണ്ട സമയമാണിത്. ഇന്ത്യക്കെതിരായ മത്സരത്തിനിടെ ഞങ്ങളുടെ വീട് ഒരു വലിയ പരീക്ഷണത്തിലൂടെയാണ് കടന്നുപോയത്. മത്സര ദിവസം ബാബറിന്‍റെ അമ്മയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു, അസം സിദ്ദിഖി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.