കൊളംബോ: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന ഏഷ്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി പാക് നായകന്‍ ബാബര്‍ അസം. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ബാബര്‍ നിര്‍ണായ നാഴിക കല്ല് പിന്നിട്ടത്. 228 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ പതിനായിരം ക്ലബില്‍ ഇടം പിടിച്ചത്.
ഇതോടെ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോഡാണ് പഴങ്കഥയായത്. 232 ഇന്നിങ്‌സുകളിലാണ് കോലി പതിനായിരം റണ്‍സ് നേടിയത്. അന്താരാഷ്‌ട്ര തലത്തില്‍ അതിവേഗം പതിനായിരം റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാബര്‍.
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് (260 ഇന്നിങ്‌സ്) പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (217 ഇന്നിങ്‌സ്), വിന്‍ഡീസിന്‍റെ ബ്രയാന്‍ ലാറ (220 ഇന്നിങ്‌സ്), ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് (222 ഇന്നിങ്‌സ്) എന്നിവരാണ് ബാബറിന് മുന്നിലുള്ളത്.
ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 11ാമത്തെ പാക് താരമാണ് ബാബര്‍. സയീദ് അന്‍വര്‍, മുഹമ്മദ് യൂസഫ്, ഇൻസമാം ഉള്‍ ഹഖ്, യൂനിസ് ഖാന്‍, സലീം മാലിക്, മുഹമ്മദ് ഹഫീസ്, ഷൊയ്‌ബ് മാലിക്, ഷാഹിദ് അഫ്രീദി എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
അതേസമയം ഈ വര്‍ഷവും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മിന്നുന്ന ഫോം തുടരുകയാണ് ബാബര്‍. നിലവില്‍ ഐസിസിയുടെ ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് താരം. ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനത്തിരുന്ന താരമെന്ന റെക്കോഡും അടുത്തിടെ പാക് നായകന്‍ സ്വന്തമാക്കിയിരുന്നു.
തുടര്‍ച്ചയായി 1013 ദിവസം റാങ്കിങ്ങില്‍ തലപ്പത്തിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡാണ് ബാബര്‍ തകര്‍ത്തത്. അതേസമയം മോശം ഫോമിലുള്ള വിരാട് കോലിക്ക് ബാബര്‍ നല്‍കിയ പിന്തുണയും, ഇതിന് കോലി നല്‍കി മറുപടിയും വൈറലായിരുന്നു.
also read: 'തിളങ്ങുകയും ഉയരുകയും ചെയ്യുക'; ബാബറിന് നന്ദി പറഞ്ഞ് കോലി