കറാച്ചി: മോശം ഫോമുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ താരം വിരാട് കോലിയെ പിന്തുണച്ച് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് ബാബര്‍ കോലിക്ക് പിന്തുണ അറിയിച്ചത്. 'ഈ സമയവും കടന്നുപോകും, ശക്തമായി തുടരുക' എന്നാണ് കോലിയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോ സഹിതം ബാബര്‍ ട്വീറ്റ് ചെയ്‌തത്.
ബാബറിന്‍റെ ഈ ട്വീറ്റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസാണ് കോലിയുടെ സമ്പാദ്യം. നല്ലതുടക്കം കിട്ടയിയെങ്കിലും മുതലാക്കാതെയുള്ള താരത്തിന്‍റെ മടക്കം ആരാധകര്‍ക്കും നിരാശയായി.
ഡേവിഡ് വില്ലി എറിഞ്ഞ 12ാം ഓവറിലെ രണ്ടാം പന്തിലാണ് കോലി തിരിച്ച് കയറിയത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ പിടികൂടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആദ്യഏകദിനത്തില്‍ കോലി കളിച്ചിരുന്നില്ല.
അതേസമയം അടുത്തിടെ ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കോലിയുടെ റെക്കോഡ് ബാബര്‍ അസം തകര്‍ത്തിരുന്നു. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനത്തിരുന്ന താരമെന്ന റെക്കോര്‍ഡാണ് പാക് നായകന്‍ സ്വന്തമാക്കിയത്. 1013 ദിവസമാണ് കോലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
പുതിയ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് തുടര്‍ന്നാണ് അസം കോലിയെ മറികടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന കോലിയുടെ റെക്കോഡും അടുത്തിടെ ബാബര്‍ പഴങ്കഥയാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് നേടാന്‍ കോലി 17 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 13 ഇന്നിങ്‌സുകളിലാണ് ബാബര്‍ റെക്കോഡിട്ടത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് തോല്‍വി വഴങ്ങുകയും ചെയ്‌തു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 38.5 ഓവറില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 24 റണ്‍സിന് ആറ് വിക്കറ്റെടുത്ത റീസ് ടോപ്‌ലിയുടെ ബോളിങ്ങാണ് ഇന്ത്യയെ തര്‍ത്തത്.
29 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 27 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.