കൊല്‍ക്കത്ത:ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (Cricket World Cup 2023) ശേഷം ബാബര്‍ അസം (Babar Azam) പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും തിരികെ നാട്ടിലെത്തിയ ശേഷമാകും താരം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നതെന്നാണ് സൂചന. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തന്‍റെ ക്യാപ്‌റ്റന്‍സി ഭാവിയെ കുറിച്ച് പിസിബി (PCB) മുന്‍ ചെയര്‍മാന്‍ റമീസ് രാജയും (Rameez Raja) അദ്ദേഹവുമായി അടുപ്പമുള്ളവരുമായി ചേര്‍ന്ന് ബാബര്‍ അസം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇവരുടെ ഉപദേശം സ്വീകരിച്ചായിരിക്കും ക്യാപ്‌റ്റന്‍ സ്ഥാനത്ത് തുടരുന്നതില്‍ ബാബര്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. നിലവില്‍ താരം ഏകദിന, ടി20 ടീമുകളുടെ നായക പദവി ഒഴിയാനാണ് ആലോചിക്കുന്നത്. എന്നാല്‍, താരവുമായി അടുത്ത ചില വൃത്തങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്‌റ്റന്‍ സ്ഥാനം താരം രാജിവെയ്‌ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ബാബര്‍ അസമിനോട് ക്യാപ്‌റ്റന്‍സി ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയായിരുന്നില്ല ബാബര്‍ നല്‍കിയത്. ഈ വിഷയത്തില്ല, ടീമിന്‍റെ അടുത്ത മത്സരത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നായിരുന്നു പാക് നായകന്‍റെ മറുപടി.
'പാകിസ്ഥാനിലേക്ക് മടങ്ങിയ ശേഷമോ അല്ലെങ്കില്‍ ഈ മത്സരം കഴിഞ്ഞോ എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം. ഞാന്‍ ഇപ്പോള്‍ കൂടുതലും ആലോചിക്കുന്നത് ടീമിന്‍റെ അടുത്ത മത്സരത്തെ കുറിച്ച് മാത്രമാണ്. അല്ലാതെ, ക്യാപ്‌റ്റന്‍സി ഭാവിയെ കുറിച്ചല്ല'-ബാബര്‍ അസം പറഞ്ഞു.