പെര്‍ത്ത് : ടി20 ലോകകപ്പിന്‍റെ ഭാഗമാവുന്ന 16 ടീമുകളും നിലവില്‍ ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ടൂര്‍ണമെന്‍റിന് മുന്നോടിയായി മുഴുന്‍ ടീമുകളുടെ നായകരും 'ക്യാപ്റ്റൻസ് ഡേ'യോട് അനുബന്ധിച്ച് ഇന്ന് പെര്‍ത്തില്‍ ഒന്നിച്ച് കൂടിയിരുന്നു. ഇവിടെ വച്ച് തങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു.
എന്നാല്‍ ഇതിനിടെയുണ്ടായ ഏറെ ഹൃദ്യമായ മറ്റൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പാക് നായകന്‍ ബാബര്‍ അസമിന്‍റെ 28ാം പിറന്നാളാണിന്ന്. വാര്‍ത്താസമ്മേളനത്തിനിടെ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാബറിന് പ്രത്യേക കേക്ക് സമ്മാനിക്കുകയായിരുന്നു.
സ്‌കോട്‌ലന്‍ഡ് നാകയന്‍ ടീം റിച്ചി ബെരിങ്ടണിന്‍റെ മടിയില്‍ വച്ചാണ് ബാബര്‍ ഈ കേക്ക് മുറിച്ചത്. തുടര്‍ന്ന് പാക് ടീം സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തിലും മറ്റ് 15 ക്യാപ്റ്റന്മാരും പങ്കെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍, വിന്‍ഡീസിന്‍റെ നിക്കോളാസ് പുരാന്‍, അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി, യുഎഇയുടെ മലയാളി നായകന്‍ സിപി റിസ്‌വാന്‍ എന്നിവര്‍ ചടങ്ങിനെത്തി. ബാബറിന്‍റെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
also read: ടി20 ലോകകപ്പ് : കൊടിയേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഒന്നിച്ചെത്തി ക്യാപ്‌റ്റന്മാര്‍ - ചിത്രങ്ങള്‍
അതേസമയം ടി20 ലോകകപ്പിന്‍റെ യോഗ്യത റൗണ്ട് നാളെ ആരംഭിക്കും. ആദ്യ മത്സരത്തില്‍ നമീബിയയ്‌ക്ക് ശ്രീലങ്കയാണ് എതിരാളി. ഒക്‌ടോബര്‍ 22നാണ് സൂപ്പര്‍ 12 ആരംഭിക്കുന്നത്. 23ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.