ഓക്‌ലന്‍ഡ്:മോശം ഫീല്‍ഡിങ്ങിന് സമീപകാലത്തായി കടുത്ത വിമര്‍ശനങ്ങളാണ് പാകിസ്ഥാന്‍ താരങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലും തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും അനായാസ പന്ത് പോലും കയ്യിലൊതുക്കാന്‍ കഴിയാതെ പലകുറിയാണ് പാക് താരങ്ങള്‍ അപഹാസ്യരായത്. ഇപ്പോഴിതാ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും കാര്യങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല.
തീര്‍ത്തും അനായാസ ക്യാച്ച് നിലത്തിട്ട് മുന്‍ നായകന്‍ ബാബര്‍ അസം നിലത്തിട്ടതാണ് ഇത്തവണ ആരാധകരെ തലയില്‍ കൈ വയ്‌പ്പിച്ചത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണായിരുന്നു ബാബര്‍ ജീവന്‍ നല്‍കിയത്. ഇതിന് കനത്ത വിലയായിരുന്നു പാകിസ്ഥാന് നല്‍കേണ്ടി വന്നത്. (Babar Azam Dropped Easy Catch of Kane Williamson In New Zealand vs Pakistan 1st T20).
ഓക്‌ലന്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കിവീസ് ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലായിരുന്നു വില്യംസണെ ബാബര്‍ നിലത്തിട്ടത്. അബ്ബാസ് അഫ്രീദി എറിഞ്ഞ രണ്ടാം പന്ത് മിഡ് ഓണിലേക്ക് സിക്‌സറിന് പറത്താനായിരുന്നു ന്യൂസിലന്‍ഡ് നായകന്‍റെ ശ്രമം. ഷോട്ട് ശരിയായി കണക്‌ട് ചെയ്യാന്‍ വില്യംസണ് കഴിയാതിരുന്നതോടെ ബൗണ്ടറി ലൈനിന് അടുത്ത് ബാബറിന് അനായാസം കയ്യിലൊതുക്കാവുന്ന രീതിയിലാണ് പന്ത് വന്നത്.
എന്നാല്‍ ബാബര്‍ പന്ത് നിലത്തിട്ടു. ഈ സമയം 12 പന്തുകളില്‍ നിന്നും ഒമ്പത് റണ്‍സ് മാത്രമായിരുന്നു വില്യംസണ്‍ നേടിയത്. എന്നാല്‍ പിന്നീട് അര്‍ധ സെഞ്ചുറി അടിച്ചതിന് ശേഷമായിരുന്നു കിവീസ് നായകന്‍ തിരികെ മടങ്ങിയത്. 42 പന്തില്‍ 9 ബൗണ്ടറികളോടെ 57 റണ്‍സാണ് താരം നേടിയത്.