ഇസ്‌ലാമാബാദ്: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. മുൻ ഇന്ത്യൻ നായകനും ഏകദിന ക്രിക്കറ്റിലെ റൺമെഷീനുമായ വിരാട് കോലിയെയാണ് അസം മറികടന്നത്. ഏകദിന ഫോർമാറ്റിൽ നായകനെന്ന നിലയിൽ വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ബാബർ സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് ബാബറിന്‍റെ നേട്ടം. ബാബര്‍ വെറും 13 ഇന്നിങ്ങ്‌സില്‍ നേട്ടത്തിലെത്തിയപ്പോള്‍ കോലിക്ക് വേണ്ടിവന്നത് 17 ഇന്നിങ്ങ്‌സുകളാണ്. 18 ഇന്നിങ്ങ്‌സുകളില്‍ 1000 റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സാണ് മൂന്നാമത്.
വിന്‍ഡീസ് മുന്നോട്ടുവെച്ച 306 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും നാല് പന്തും ബാക്കിനില്‍ക്കെയാണ് മറികടന്നത്. 107 പന്തില്‍ 103 റണ്‍സുമായി നായകന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍ ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ചത്. വിൻഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ALSO READ:പരിശീലനത്തിനിടെ ഉമ്രാൻ മാലിക്കിന്‍റെ 163 കിലോ മീറ്റർ തീയുണ്ട ; റാവൽപിണ്ടി എക്‌സ്‌പ്രസിനെ മറികടക്കുമോ ?
നേരത്തെ ഷായ് ഹോപ്പിന്‍റെ സെഞ്ച്വറി കരുത്തിലാണ് വെസ്റ്റ് ഇൻഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 305ലെത്തിയത്. ഷായ് ഹോപ്പ് 134 പന്തിൽ 127 റൺസെടുത്തു. ഹോപ്പിന്‍റെ 12-ാം ഏകദിന ശതകമാണിത്. മത്സരത്തിനിടെ 4000 റണ്‍സ് ക്ലബിലെത്തുകയും ചെയ്‌തു താരം.