ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ ലേലത്തിനായി 1214 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്‌തതായി ആധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശ താരങ്ങളുമാണ് മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
കളിക്കാരുടെ പട്ടികയിൽ 270 ക്യാപ്‌ഡ്, 903 അൺക്യാപ്പ്, 41 അസോസിയേറ്റ് കളിക്കാരാണ് ഉള്‍പ്പെടുന്നത്. 59 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്‌ത ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത വിദേശ രാജ്യം. ദക്ഷിണാഫ്രിക്ക (48), വെസ്റ്റ് ഇന്‍ഡീസ് (41) തുടങ്ങിയവരും തൊട്ട് പിറകെയുണ്ട്.
ശ്രീലങ്ക (36), ഇംഗ്ലണ്ട് (30), ന്യൂസിലാൻഡ് (29), അഫ്ഗാനിസ്ഥാൻ (20) എന്നിങ്ങനെയാണ് കൂടുതല്‍ കളിക്കാർ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് രാജ്യങ്ങളിൽ ചിലത്. ചെറിയ ക്രിക്കറ്റ് രാജ്യങ്ങളായ നേപ്പാൾ (15), യുഎസ്എ (14), നമീബിയ (5), ഒമാൻ (3) എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരും തങ്ങളുടെ പേരുകൾ ലേലത്തിൽ ചേർത്തിട്ടുണ്ട്.
27 താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തിയപ്പോള്‍, പുതിയ ടീമുകളായ അഹമ്മദാബാദും, ലഖ്‌നൗവും ഡ്രാഫ്റ്റ് പിക്കിലൂടെ മൂന്ന് വീതം താരങ്ങളെ സ്വന്തമാക്കിയതായും ലീഗ് വ്യക്തമാക്കി. പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ജനുവരി 20നാണ് അവസാനിച്ചത്. കളിക്കാരുടെ പട്ടിക ഇന്ന് (വെള്ളിയാഴ്‌ച) ടീമുകള്‍ക്ക് അയക്കും. ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ ബെംഗളൂരുവിലാണ് ലേലം നടക്കുക.
അതേസമയം മിച്ചല്‍ സ്റ്റാര്‍ക്, സാം കറാന്‍, ബെന്‍ സ്റ്റോക്ക്‌സ്, ക്രിസ് ഗെയ്ല്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് തുടങ്ങിയ താരങ്ങള്‍ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.