ഓവല്‍:ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിനിറങ്ങുന്ന ഇന്ത്യ ആദ്യ ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യമിടുന്നത്. 2019-2021 കാലയളവിലായി നടന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു.
എന്നാല്‍, അന്ന് വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം കെയ്‌ന്‍ വില്യംസണിന്‍റെ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. അന്ന് കയ്യെത്തും ദൂരത്ത് നഷ്‌ടമായ കിരീടം ഇപ്രാവശ്യം തിരികെപ്പിടിക്കാനാണ് ഇന്ത്യയുടെ വരവ്. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം ലക്ഷ്യമിട്ട് ഇപ്രാവശ്യം രോഹിതും സംഘവും ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ വിരാട് കോലി ടീമിന്‍റെ പ്രധാന വജ്രായുധങ്ങളില്‍ ഒന്നാണ്.
ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടില്‍ പരിശീലനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ഒരു പ്രത്യേക ടാസ്‌കുമായി ഐസിസി തന്നെ രംഗത്തെത്തിയത്. ലോക ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ താരമായ വിരാട് കോലിയെ കുറിച്ച് ഒറ്റവാക്കില്‍ എന്താണ് പറയാന്‍ സാധിക്കുക എന്ന ചോദ്യമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഓസീസ് താരങ്ങളോട് ചോദിച്ചത്. ഇതിന് മറുപടിയുമായി സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പടെയുള്ള താരങ്ങളും എത്തി.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കങ്കാരുപ്പടയ്‌ക്കെതിരെ മികച്ച റെക്കോഡാണ് വിരാടിനുള്ളത്. 24 മത്സരങ്ങളില്‍ നിന്നും 48.26 ശരാശരിയില്‍ 1979 റണ്‍സ് കോലി ഓസ്‌ട്രേലിയക്കെതിരെ നേടിയിട്ടുണ്ട്. ഈ പ്രകടനങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഓസീസ് താരങ്ങളുടെ പ്രതികരണം. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീനാണ് ആദ്യം ഐസിസിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. കഴിഞ്ഞ ഒരു ദശകത്തിലെ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടി 'ഇന്ത്യയുടെ മനുഷ്യന്‍' എന്ന വിശേഷണമാണ് ക്രിസ് ഗ്രീന്‍ വിരാട് കോലിക്ക് നല്‍കിയത്.