മെൽബൺ : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് സർക്കാർ. തായ്‌ലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്‌ച ഹൃദയാഘാതം മൂലമാണ് താരം മരിച്ചത്. വോണിന്‍റെ കുടുംബത്തോടൊപ്പം പൊതുജനങ്ങളും ദുഃഖത്തിൽ പങ്കുചേരണമെന്നും ഓസ്‌ട്രേലിയൻ എംപിയും വിക്ടോറിയ പ്രീമിയറുമായ ഡാനിയൽ ആൻഡ്രൂസ് ട്വിറ്ററിൽ കുറിച്ചു.
വോണിന്‍റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ; പൊതുജനങ്ങള്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരം - shane warne
'ഞാൻ വോണിന്‍റെ കുടുംബവുമായി സംസാരിച്ചു, ഷെയ്‌നെ ഓർക്കാൻ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്താനുള്ള എന്‍റെ വാഗ്‌ദാനം അവർ സ്വീകരിച്ചു'
വോൺ കായികരംഗത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾക്ക് വിക്ടോറിയക്കാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോണിന്‍റെ മരണത്തെക്കുറിച്ച് തായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുൻപായി ഞായറാഴ്‌ച പോസ്റ്റ്‌മോർട്ടം നടത്തും. 52 കാരനായ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിയോഗത്തിന് ശേഷം ലോകമെമ്പാടും ആദരാഞ്ജലികളുടെ പ്രവാഹമാണ്.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഷെയ്ൻ വോണിന്‍റെ പ്രതിമയ്ക്ക് സമീപത്തായി ആരാധകർ പുഷ്‌പാർച്ചനയും മറ്റ് അനുശോചന പരിപാടികളും തുടരുകയാണ്. സ്‌പിൻ രാജാവിനോടുള്ള ആദരസൂചകമായി എംസിജിയുടെ സതേൺ സ്റ്റാൻഡിന് 'എസ്‌കെ വോൺ സ്റ്റാൻഡ്' എന്ന് പുനർനാമകരണം ചെയ്യുമെന്നും ആൻഡ്രൂസ് പ്രഖ്യാപിച്ചു.