ഹൈദരാബാദ് : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ തന്‍റെ ഇന്ത്യൻ വംശജയായ പ്രതിശ്രുതവധു വിനി രാമനെ മാർച്ച് 27-ന് വിവാഹം ചെയ്യും. 2020-ൽ മെൽബണിലെ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്.
തമിഴിൽ എഴുതിയ വിവാഹ കാർഡ് അനുസരിച്ച്, പരമ്പരാഗത ഇന്ത്യൻ വിവാഹമായിരിക്കാൻ സാധ്യതയുണ്ട്. വിവാഹവും മെൽബണിൽവച്ചാണ് നടക്കുക. ബ്ലാക്ക്ബേൺ റോഡിലെ വോഗ് ബോൾറൂമാണ് വേദി.
വിനി എന്ന തമിഴ് ബ്രാഹ്മണ പെൺകുട്ടി ജനിച്ചതും വളർന്നതും മെൽബണിലാണ്. വിനി ജനിക്കുന്നതിന് മുമ്പ് അവളുടെ അച്ഛൻ രാമാനുജ ദാസനും അമ്മ വിജയലക്ഷ്‌മി രാമനും ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയിരുന്നു. 2019ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ് ദാനച്ചടങ്ങിൽ മാക്‌സ്‌വെല്ലിന്‍റെ കൂടെ പങ്കെടുത്തപ്പോൾ മുതൽ വിനി വാർത്തകളിൽ ഇടംനേടി.
ALSO READ:ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടവുമായി സുനില്‍ ഛേത്രി
2020 മാർച്ച് 13-ന്, വിനിയും മാക്‌സ്‌വെല്ലും മെൽബണിൽ ഒരു പരമ്പരാഗത ഇന്ത്യൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാക്‌സ്‌വെൽ നീല നിറത്തിലുള്ള ഷെർവാണിയും വിനി ലെഹങ്കയുമാണ് ധരിച്ചിരുന്നത്. വൈകാതെ അവർ വിവാഹിതരാകാൻ തീരുമാനിച്ചു, എന്നാൽ കൊവിഡിന്‍റെ വരവ് അത് വൈകിപ്പിച്ചുകൊണ്ടിരുന്നു.
2017 ലാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് കരുതുന്നു. വിനി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാക്‌സ്‌വെല്ലുമൊത്തുള്ള ചിത്രം പങ്കിട്ടപ്പോൾ മുതൽ ചില കിംവദന്തികൾ പടർന്നിരുന്നു. അതിനുശേഷം, വിനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മാക്‌സ്‌വെല്ലുമൊത്തുള്ള തന്‍റെ മനോഹര നിമിഷങ്ങൾ വളരെ സജീവമായി പങ്കിടാൻ തുടങ്ങി. ഗ്ലെൻ മാക്‌സ്‌വെൽ ട്വന്‍റി-20 യിൽ തകർപ്പൻ ബാറ്റിംഗിന് പേരുകേട്ട താരമാണ്.