രാജ്‌കോട്ട് : ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ (ODI Series) ഓസ്‌ട്രേലിയയ്‌ക്ക് ആശ്വാസ ജയം. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ചാണ് ഓസ്‌ട്രേലിയ (Australia) വൈറ്റ് വാഷില്‍ നിന്നും രക്ഷപ്പെട്ടത് (Australia Wins Against India). ഓസ്‌ട്രേലിയ ഉയര്‍ത്തിയ 352 റണ്‍സ് മറികടക്കാന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ (India) തുടക്കത്തില്‍ തകര്‍ത്തടിച്ചുവെങ്കിലും, മധ്യനിരയില്‍ (Middle Order) തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ പരാജയം സമ്മതിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായുള്ള മറുപടി ബാറ്റിങ്ങിന് രോഹിത് ശര്‍മയും വാഷിങ്‌ടണ്‍ സുന്ദറുമാണ് ഓപ്പണര്‍മാരായെത്തിയത്. ഇരുവരും ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യയ്‌ക്കായി ഉയര്‍ത്തിയതും. ആദ്യ ഓവറുകളില്‍ തന്നെ ബൗണ്ടറികള്‍ നേടി രോഹിത് ശര്‍മ നയം വ്യക്തമാക്കി. എന്നാല്‍ സുന്ദര്‍ പതിഞ്ഞ താളത്തിലായിരുന്നു ബാറ്റ് വീശിയത്.
വീണ്ടും ബാറ്റിങ് പരീക്ഷണം :ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ഓപ്പണിങ് നിരയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ഓസീസ് ബോളര്‍മാര്‍ ഏറെ പണിപ്പെട്ടു. അങ്ങനെയിരിക്കെ പതിനൊന്നാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയ്‌ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച വാഷിങ്‌ടണ്‍ സുന്ദര്‍ (30 പന്തില്‍ 18 റണ്‍സ്) ലബുഷെയ്‌നിന്‍റെ കൈകളില്‍ ഒതുങ്ങി.
രോഹിത്-കോഹ്‌ലി വെടിക്കെട്ട്:പിന്നാലെ വിരാട് കോഹ്‌ലി ക്രീസിലെത്തി. രോഹിത് -കോഹ്‌ലി കൂട്ടുകെട്ട് തങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കുമെന്ന് ഓസീസിന് വ്യക്തമായിരുന്നു. ഇതോടെ ഇരുവരില്‍ ഒരാളെ വേഗത്തില്‍ മടക്കി ആശ്വാസ വിക്കറ്റ് നേടാന്‍ ഓസ്‌ട്രേലിയന്‍ ബൗളിങ് നിര പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാല്‍ രോഹിത്തും കോഹ്‌ലിയും ആ സമ്മര്‍ദത്തിന് വഴങ്ങാതെ മുന്നോട്ടുകുതിച്ചു.
അങ്ങനെ ടീം സ്‌കോര്‍ 144 നില്‍ക്കെ 21ാം ഓവറിന്‍റെ അവസാന പന്തില്‍ രോഹിത്തിനെയും മടക്കി മാക്‌സ്‌വെല്‍ കരുത്തുകാട്ടി. മുഖത്തിന് നേരെ പൊടുന്നനെ എത്തിയ പന്ത് തടയുന്നതിനിടെ തീരെ അപ്രതീക്ഷിതമായി ആയിരുന്നു മാക്‌സ്‌വെല്‍ രോഹിത്തിനെ മടക്കിയത്. ഈ സമയം ആറ് സിക്‌സറുകളും അഞ്ച് ബൗണ്ടറികളുമായി 57 പന്തില്‍ 81 റണ്‍സെന്ന മികച്ച ടോട്ടലിലായിരുന്നു ഇന്ത്യന്‍ നായകന്‍.
'മിന്നി'ത്തിളങ്ങി മാക്‌സ്‌വെല്‍: പക്ഷെ ശേഷമെത്തിയ ശ്രേയസ് അയ്യരും ഓസ്‌ട്രേലിയയ്‌ക്ക് തലവേദന സൃഷ്‌ടിച്ചു. നിലയുറപ്പിച്ച ഉടന്‍ തന്നെ ശ്രേയസ് അക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഇതിനിടെ ഇന്ത്യയ്‌ക്ക് കോഹ്‌ലിയെ നഷ്‌ടമായി. 27 ആം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിക്ക് ശ്രമിക്കവെ സ്‌റ്റീവന്‍ സ്‌മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു സ്‌റ്റാര്‍ ബാറ്ററുടെ മടക്കം. 61 പന്തില്‍ സിക്‌സറും അഞ്ച് ബൗണ്ടറികളുമായി താളം അപകടകാരിയായി തുടങ്ങിയ കോഹ്‌ലിക്കും മാക്‌സ്‌വെല്‍ തന്നെയാണ് പുറത്തേക്കുള്ള വഴി കാണിച്ചത്.
വേഗത്തില്‍ മടങ്ങി വാലറ്റം: തൊട്ടുപിന്നാലെയെത്തിയ കെഎല്‍ രാഹുലിനും സൂര്യകുമാര്‍ യാദവിനും കാര്യമായൊന്നും ടീം സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കാനായില്ല. 30 പന്തില്‍ 26 റണ്‍സുമായി രാഹുലും നേരിട്ട ഏഴ് പന്തില്‍ എട്ട് റണ്‍സുമായി സൂര്യകുമാറും വേഗത്തില്‍ കൂടാരം കയറി. തൊട്ടുപിന്നാലെ ശ്രേയസ് അയ്യര്‍ കൂടി മടങ്ങിയതോടെ ഇന്ത്യന്‍ മധ്യനിര വീണുടഞ്ഞു. പിന്നീട് പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ രവീന്ദ്ര ജഡേജയുടെ ചുമലുകളിലായിരുന്നു.
ഏറെ പണിപ്പെട്ടെങ്കിലും വിജയം സ്വന്തമാക്കാനും പരാജയഭാരം കുറയ്‌ക്കുന്നതിനുമായി ജഡേജ സധൈര്യം ബാറ്റുവീശി. എന്നാല്‍ 49 ആം ഓവറിലെ മൂന്നാം പന്തില്‍ ജഡേജയെ ലെഗ് ബൈ വിക്കറ്റില്‍ കുരുക്കി തന്‍വീര്‍ സംഘ ഇന്ത്യയുടെ പ്രതീക്ഷകളെ തച്ചുടച്ചു. ജസ്‌പ്രീത് ബുമ്ര (5), കുല്‍ദീപ് യാദവ് (2), മുഹമ്മദ് സിറാജ് (1), പ്രസീദ് കൃഷ്‌ണ (0) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരുടെ സംഭാവനകള്‍. അതേസമയം ഓസ്‌ട്രേലിയയ്‌ക്കായി 40 റണ്‍സ് മാത്രം വഴങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്‍ നാലും, ഹേസല്‍വുഡ് രണ്ടും, മിച്ചല്‍ സ്‌റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, തന്‍വീര്‍ സംഘ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.