മെല്‍ബണ്‍:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ അതിശക്തമായ നിലയിലാണ് നിലവില്‍ ആതിഥേയരായ ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സില്‍ പ്രോട്ടീസിനെ എറിഞ്ഞൊതുക്കിയ കങ്കാരുപ്പട രണ്ടാം ദിനം 197 റണ്‍സിന്‍റെ ലീഡ് നേടിയാണ് കളി അവസാനിപ്പിച്ചത്. ശക്തമായ നിലയിലാണ് ടീമെങ്കിലും താരങ്ങളുടെ പരിക്കാണ് ടീമിന് നിലവില്‍ ആശങ്ക സൃഷ്‌ടിക്കുന്നത്.
ടെസ്റ്റിന്‍റെ രണ്ട് ദിവസങ്ങളിലായി മൂന്ന് ഓസീസ് താരങ്ങള്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. ഒന്നാം ദിനത്തില്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ഇന്ന് ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കുമാണ് കങ്കാരുപ്പടയില്‍ പരിക്കേറ്റത്.
രണ്ടാം ദിനത്തില്‍ ബാറ്റിങ്ങിനെത്തിയ ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങളാണ് പരിക്കേറ്റ് പിന്മാറിയത്. തകര്‍ത്തടിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആദ്യം മടങ്ങിയപ്പോള്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് ഇന്ന് അവസാനം പരിക്കേറ്റ് ബാറ്റിങ് മതിയാക്കിയ മറ്റൊരു ഓസീസ് താരം.
നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. കാലിലെ പരിക്കിനെ തുടര്‍ന്നാണ് വാര്‍ണറിന് കളം വിടേണ്ടി വന്നത്. രണ്ടാം ദിനത്തിന്‍റെ തുടക്കത്തില്‍ ക്രീസിലെത്തിയ താരം സ്റ്റീവ് സ്‌മിത്തിനൊപ്പം 239 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്‌ടിച്ചിരുന്നു.
തുടര്‍ന്നും ക്രീസില്‍ നിലയുറപ്പിച്ച് അനായാസം റണ്‍സ് ഉയര്‍ത്തിയ വാര്‍ണാറാണ് മികച്ച ഒന്നാം ഇന്നിങ്‌സില്‍ ലീഡിലേക്ക് പോകാന്‍ ഓസീസിന് അടിത്തറ പാകിയത്. മത്സരത്തില്‍ 254 പന്ത് നേരിട്ടാണ് വാര്‍ണര്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും തുടര്‍ന്ന് ക്രീസ് വിട്ടതും. 16 ഫോറും 2 സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെയാണ് കാമറൂണ്‍ ഗ്രീന്‍ ക്രീസിലേക്കെത്തിയത്. 84ാം ഓവര്‍ എറിഞ്ഞ ആന്‍റിച്ച് നോര്‍ക്യയുടെ ഓവറിലെ പന്ത് കയ്യുടെ വലത് ചൂണ്ടുവിരലില്‍ ഇടിച്ചാണ് ഗ്രീനിന് പരിക്കേറ്റത്. 144 കി.മീ വേഗതയിലെത്തിയ പന്ത് കയ്യിലിടിച്ച് വിരല്‍ മുറിഞ്ഞിരുന്നു.