മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. നാലാം ദിനത്തില്‍ ഇന്നിങ്‌സിനും 182 റണ്‍സിനുമാണ് കങ്കാരുപ്പട വിജയക്കൊടി പാറിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 386 റണ്‍സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു.
ടെംബ ബാവുമ്മ (144 പന്തിൽ 65) ഒഴികെയുള്ള പ്രോട്ടീസ് ബാറ്റര്‍മാര്‍ ഒന്ന് പൊരുതാന്‍ പോലുമാകാതെയാണ് കളം വിട്ടത്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനായി ഇരട്ട സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് കളിയിലെ താരം. ഓസ്‌ട്രേലിയക്കായി നാഥണ്‍ ലിയോണ്‍ മൂന്നും സ്‌കോട്ട് ബോളണ്ട് രണ്ടും വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്‌ചവെച്ചു.
മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, സ്റ്റീവൻ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പ ഓസ്‌ട്രേലിയ 2-0ന് സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി നാല് മുതല്‍ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന മത്സരം.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഒന്നാം ഇന്നിങ്‌സില്‍ 189 റണ്‍സ് മാത്രമായിരുന്നു നേടിയത്. കാമറൂണ്‍ ഗ്രീനിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് സന്ദര്‍ശകരെ തകര്‍ത്തത്. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവരായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍മാര്‍.
മറുപടി ബാറ്റിങ്ങില്‍ 145 ഓവര്‍ ബാറ്റ് വീശിയ ഓസീസ് 575/8 എന്ന അതിശക്തമായ നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനൊപ്പം സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ കുറ്റന്‍ ലീഡ് സ്വന്തമാക്കാന്‍ ആതിഥേയര്‍ക്കായി.
ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറി ആയിരുന്നു മത്സരത്തിന്‍റെ പ്രധാന ഹൈലൈറ്റ്. തന്‍റെ നൂറാം ടെസ്റ്റിലാണ് വാര്‍ണര്‍ ഇരട്ട സെഞ്ച്വറി നേടിയത്. ഈ ഡബിള്‍ സെഞ്ച്വറിയോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നൂറാം മത്സരത്തില്‍ ഇരട്ടശതകം പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. മത്സരത്തില്‍ ആൻറിച്ച് നോര്‍ക്യ ദക്ഷിണാഫ്രിക്കയ്‌ക്കായി മൂന്ന് വിക്കറ്റ് നേടിയിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. പേസര്‍മാരെ അമിതമായി പിന്തുണച്ച ഗാബയിലെ പിച്ചില്‍ വെറും രണ്ട് ദിവസം കൊണ്ടാണ് മത്സരം അവസാനിച്ചത്. പ്രോട്ടീസ് ഉയര്‍ത്തിയ 34 റണ്‍സിന്‍റെ വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നേടിയ 152 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 218ന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകരെ 99 റണ്‍സിലാണ് ഓസീസ് എറിഞ്ഞൊതുക്കിയത്. അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.