ലണ്ടന്‍ :ഓസ്ട്രേലിയയ്‌ക്ക് എതിരായ പെര്‍ത്ത് ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ബാബര്‍ അസമിന്‍റെ പിന്‍ഗാമിയായി എത്തിയ ഷാന്‍ മസൂദിന് കീഴില്‍ കളിക്കാനിറങ്ങിയ പാക് പടയെ 360 റണ്‍സുകള്‍ക്കാണ് ഓസ്‌ട്രേലിയ തകര്‍ത്തുവിട്ടത്. പരമ്പരയ്‌ക്ക് ഇറങ്ങും മുമ്പ് ഓസ്‌ട്രേലിയയില്‍ വന്നത് മത്സരിക്കാനല്ല ജയിക്കാനായാണെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്‌ടര്‍ മുഹമ്മദ് ഹഫീസിന്‍റെ വാക്കുകള്‍.
എന്നാല്‍ കളത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരുന്ന അവര്‍ ദുരന്തമായി മാറി. ഇപ്പോഴിതാ ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഓരേ ഒരു ടീം ഇന്ത്യയാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ മൈക്കൽ വോൺ (Michael Vaughan on Indian Cricket Team).
പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തെക്കുറിച്ചുള്ള എക്‌സ് പോസ്റ്റിലാണ് മൈക്കല്‍ വോണ്‍ ഇക്കാര്യം പറഞ്ഞത്. (Michael Vaughan on Australia vs Pakistan Test). "പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ തീര്‍ത്തും ക്ലിനിക്കലായിരുന്നു. എല്ലാ സാചര്യങ്ങളിലും മികവ് പുലര്‍ത്താനുള്ള കഴിവ് അവര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓസീസിനെതിരെ അവരുടെ മണ്ണില്‍ വെല്ലുവിളിക്കാനുള്ള കഴിവ് ഇന്ത്യയ്‌ക്ക് മാത്രമാണുള്ളത്" - മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനേയും ഈ പോസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ അഭിനന്ദിക്കുന്നുണ്ട്. അതേസമയം പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ആതിഥേയര്‍ ഉയര്‍ത്തിയ 450 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ വെറും 89 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.