പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ 360 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസ്‌ട്രേലിയ ഉയര്‍ത്തിയ 450 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ടായി. (Australia vs Pakistan Highlights) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് പാകിസ്ഥാനെ പൊളിച്ചടുക്കിയത്.
നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. ഇതോടെ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികയ്‌ക്കാനും ഓസീസ് താരത്തിന് കഴിഞ്ഞു. (Nathan Lyon claims 500th Test wicket). പ്രസ്‌തു നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസീസ് താരവുമാണ് നഥാന്‍ ലിയോണ്‍. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസീസിന്‍റെ ഷെയ്ന്‍ വോണ്‍, ഇംഗ്ലണ്ടിന്‍റെ ജെയിസ് ആന്‍ഡേഴ്‌സണ്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ, ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ്, ഓസീസിന്‍റെ ഗ്ലെന്‍ മക്‌ഗ്രാത്ത്, വിന്‍ഡീസിന്‍റെ കോര്‍ട്നി വാല്‍ഷ് എന്നിവരാണ് ലിയോണിന് മുമ്പ് ടെസ്റ്റില്‍ ഈ വമ്പന്‍ നാഴികകല്ല് പിന്നിട്ടിട്ടുള്ളത്.
36 കാരനായ ലിയോണ്‍ തന്‍റെ 123-ാം മത്സരത്തിലാണ് വമ്പന്‍ നാഴികക്കല്ലിൽ എത്തിയത്. അതേസമയം കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാനായി 51 പന്തില്‍ 24 റണ്‍സെടുത്ത സൗദ് ഷക്കീല്‍ ടോപ് സ്‌കോററായപ്പോള്‍ ഇമാം ഉള്‍ ഹഖ് (20 പന്തില്‍ 10), ബാബര്‍ അസം(37 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 487 റണ്‍സ് നേടിയിരുന്നു. ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ചുറിയും (211 പന്തില്‍ 164), മിച്ചല്‍ മാര്‍ഷിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് (107 പന്തില്‍ 90) ടീമിന് മുതല്‍ക്കൂട്ടായത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ആമീര്‍ ജമാലിന്‍റെ മികവിലായിരുന്നു ഓസീസിനെ തളയ്‌ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞത്.