സിഡ്‌നി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം ഡേവിഡ് വാര്‍ണറുടെയും മാര്‍നസ് ലബുഷെയ്‌ന്‍റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയ മറികടന്നു (Australia vs Pakistan 3rd Test Match Result).സ്‌കോര്‍: പാകിസ്ഥാന്‍ - 313, 115 ഓസ്‌ട്രേലിയ - 299, 130-2.
സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയെ നഷ്‌ടമായി. ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് സാജിദ് ഖാന്‍ ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നീട്, പാകിസ്ഥാന് മത്സരത്തില്‍ ആഘോഷിക്കാന്‍ ഒരു അവസരവും വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് നല്‍കിയില്ല.
കരുതലോടെ കളിച്ച ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി. ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തില്‍ 75 പന്തില്‍ 57 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. ഓസീസ് ജയത്തിന് അരികില്‍ സാജിദ് ഖാന്‍ തന്നെയായിരുന്നു വാര്‍ണറെയും പുറത്താക്കിയത്.
പിന്നാലെ 73 പന്തില്‍ 62 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നും ഒരു പന്തില്‍ നാല് റണ്‍സടിച്ച സ്റ്റീവ് സ്‌മിത്തും ചേര്‍ന്ന് ആതിഥേയരെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര നേരത്തെ തന്നെ ഓസ്‌ട്രേലിയ സ്വന്തമാക്കിയതാണ്.