ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യയുടെ അപരാജിത കുതിപ്പിന് അറുതി വരുത്തി കിരീടവും നേടി മടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിനാണ് കങ്കാരുപ്പട തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ട്രാവിസ് ഹെഡിന്‍റെ സെഞ്ച്വറിയുടെയും മാര്‍നസ് ലബുഷെയ്‌ന്‍റെ അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ 43-ാം ഓവറില്‍ മറികടന്ന മൈറ്റി ഓസീസ് തങ്ങളുടെ ഷെല്‍ഫിലേക്ക് എത്തിച്ചിരിക്കുന്നത് ആറാം ലോക കിരീടം (India vs Australia Match Result).
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രൊഫഷണലിസം എന്തെന്ന് ക്രിക്കറ്റ് ലോകം കണ്ട ടൂര്‍ണമെന്‍റ് കൂടിയാണ് കടന്ന് പോകുന്നത്. ലോകകപ്പിന് മുന്‍പ് നടന്ന രണ്ട് ഏകദിന പരമ്പരകളിലും തോല്‍വി. ദക്ഷിണാഫ്രിക്കയോട് അവരുടെ നാട്ടിലും ഇന്ത്യയോട് ഇവിടെയുമാണ് കങ്കാരുപ്പട പരമ്പര കൈവിട്ടത്.
എന്നാല്‍ ലോകകപ്പില്‍ കണ്ടത് മറ്റൊരു ഓസ്‌ട്രേലിയന്‍ ടീമിനെ. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവര്‍ പരാജയമറിഞ്ഞു. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഓസീസിനെ ആദ്യ മത്സരങ്ങളില്‍ തോല്‍പ്പിച്ചത്.
ഈ രണ്ട് മത്സരങ്ങളിലും അവരുടെ ബാറ്റിങ് യൂണിറ്റ് അമ്പേ പരാജയപ്പെട്ടു. ഈ തോല്‍വികളോടെ പോയിന്‍റ് പട്ടികയില്‍ പോലും ഓസ്‌ട്രേലിയ അവസാന സ്ഥാനത്തേക്ക് വീണിരുന്നു. ഇതോടെ, ഓസീസിനെതിരെ ട്രോളുകളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.