സിഡ്‌നി : ക്രിക്കറ്റിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ് ഓസ്‌ട്രേലിയന്‍ വനിത ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം പാക് വനിതകള്‍ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയിലൂടെയാണ് മെഗ് ലാനിങ് വീണ്ടും കളത്തിലിറങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസീസിനെ സ്വര്‍ണത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് 30കാരിയായ മെഗ് ലാനിങ് ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചത്.
ക്രിക്കറ്റ് തിരക്കുകളില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനാണ് താരം ഇടവേളയെടുത്തിരുന്നത്. ഇപ്പോഴിതാ തന്‍റെ ഒഴിവുകാല ജീവിതത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മെഗ് ലാനിങ്. പ്രാദേശിക കഫേയിൽ ജോലി ചെയ്യുകയും ഒരു സാധാരണ വ്യക്തിയെപ്പോലെ തോന്നാൻ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയും ചെയ്തുവെന്നാണ് താരം പറഞ്ഞത്.
"ക്രിക്കറ്റില്‍ നിന്നും മാറി നിന്ന് ഇഷ്‌ടമുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുന്നത് നല്ല ആശയമാണെന്ന് എനിക്ക് തോന്നി. എന്നാല്‍ അതെങ്ങനെയാവുമെന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കഫേയിൽ ജോലിചെയ്‌തത് എനിക്ക് കാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നൽകി. ഓരോ ദിവസവും എങ്ങനെയാവുമെന്നതിനെക്കുറിച്ച് അറിയാതെയാണ് നമ്മള്‍ അതിനെ അഭിമുഖീകരിക്കുന്നത്.