സിഡ്‌നി : ഇന്ത്യക്കെതിരായവനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവസാന പന്തിൽ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യ ഉയർത്തിയ 274 റണ്‍സ് എന്ന കൂറ്റൻ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. ഇന്ത്യക്കെതിരെ തുടർച്ചയായ രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കി.
ഏകദിനത്തിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ 26-ാം വിജയമാണിത്. സെഞ്ചുറി നേടിയ ബേത്ത് മൂണിയുടേയും അര്‍ധ സെഞ്ചുറി നേടിയ ടഹ്ലിയ മക്ഗ്രാത്തിന്‍റെയും മികവിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. നേരത്തെ 84 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടേയും 44 റണ്‍സ് നേടിയ റിച്ച ഘോഷിന്‍റെയും മികവിലാണ് ഇന്ത്യ 274 എന്ന മികച്ച സ്കോറിലേക്ക് എത്തിയത്.