ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 വനിത ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് കങ്കാരുപ്പട ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. തകര്‍ച്ചയില്‍ നിന്ന് പോരാടിയാണ് ഓസീസ് വനിതകള്‍ മത്സരം സ്വന്തമാക്കിയത്.
49-5 വിക്കറ്റ് നഷ്‌ടമായ ഓസ്‌ട്രേലിയയെ പുറത്തകാതെ 35 പന്തില്‍ 52 റണ്‍സ് നേടിയ ആഷ് ഗാര്‍ഡ്‌നറുടെ പ്രകടനമാണ് ജയത്തിലേക്ക് എത്തിച്ചത്. ഗ്രേസ് ഹാരിസ് (37), അലാന കിങ് എന്നിവരുടെ പ്രകടനവും ഓസീസ് ജയത്തിന് നിര്‍ണായകമായി. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.
അലീസ ഹീലി (0), ബെത്ത് മൂണി (10), ക്യാപ്റ്റന്‍ മെഗ് ലാനിങ് (8), താഹില മക്‌ഗ്രാത്ത് (14) പുറത്താക്കി ആദ്യ മത്സരം കളിച്ച രേണുക ഠാക്കൂറാണ് ഓസീസിനെ തുടക്കത്തിലെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. പിന്നാലെ റൈച്ചല്‍ ഹൈന്‍സിനെ (9) ദീപ്‌തി ശര്‍മ പുറത്താക്കിയതോടെ ഓസീസ് 49-ന് അഞ്ച് എന്ന നിലയിലായി. ആറാമതായി ക്രീസിലെത്തിയ ആഷ് ഗാര്‍ഡ്‌നറും, ഗ്രേസ് ഹാരിസും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഗ്രേസ് ഹാരിനെയും, ജെസ് ജൊനാസനെ പുറത്താക്കി ഇന്ത്യ മത്സരം കൈപ്പിടിയിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അലാന കിങിനെ കൂട്ട് പിടിച്ച് ഗാര്‍ഡ്‌നര്‍ ഇന്ത്യയുടെ ജയപ്രതീക്ഷ തല്ലിക്കെടുത്തുകയായിരുന്നു. ഇന്ത്യയ്‌ക്കായി അരങ്ങേറ്റക്കാരി രേണുക ഠാക്കൂര്‍ നാല് വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ ക്യാപ്‌ടന്‍ ഹര്‍മന്‍പ്രീതിന്‍റെ അര്‍ധസെഞ്ച്വറിക്കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 33 പന്തില്‍ 48 റണ്‍സടിച്ച ഷെഫാലി വര്‍മയും തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാല് വിക്കറ്റ് വീഴ്‌ത്തി.