സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കായി 16 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, ജെയ് റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഓസീസ് നിരയിലേക്ക് മടങ്ങിയെത്തി. ലോകകപ്പ് വരാനിരിക്കെ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത് തുടങ്ങിയ മുന്‍നിര താരങ്ങളും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
കണങ്കാലിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷിനും കാലിന് ഒടിവ് സംഭവിച്ചതിനെ തുടര്‍ന്ന് ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഇക്കഴിഞ്ഞ ഓസ്‌ട്രേലിയയുടെ ഹോം സീസണ്‍ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. പരിക്കില്‍ നിന്നും മുക്തനായ മാക്‌സ്‌വെല്‍ അടുത്തിടെ ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിക്‌ടോറിയക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങിയിരുന്നു. മിച്ചല്‍ മാര്‍ഷ് ഈ ആഴ്‌ച അവസാനം നടക്കുന്ന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെ ഓസ്‌ട്രേലിയ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി താരത്തിന് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഹേസല്‍വുഡ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
അതേസമയം, ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. രോഹിതിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കും ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക.