മുംബൈ: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയായത്. പേസര്‍മാര്‍ക്ക് അമിത ആനുകൂല്യം ലഭിച്ച ഗാബയില്‍ വെറും 142 ഓവര്‍ മാത്രമാണ് കളി നടന്നത്. മത്സരത്തില്‍ ആതിഥേയരായ ഓസീസ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ്.
ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് ക്ലാസെടുക്കുന്നവരുടെ നാട്ടിലാണ് ഇതു സംഭവിച്ചതെന്നും ഇന്ത്യയിലായിരുന്നുവെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നശിച്ചുവെന്ന് മുദ്രകുത്തിയേനെയെന്നും താരം ട്വീറ്റ് ചെയ്‌തു.
''എറിഞ്ഞത് വെറും 142 ഓവറുകള്‍ മാത്രം. രണ്ട് ദിവസം കളി നീണ്ടുനിന്നില്ല. ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് അവര്‍ ക്ലാസെടുക്കാറുണ്ട്. ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തീര്‍ന്നുവെന്നും ടെസ്റ്റ് നശിച്ചുവെന്നും മുദ്രകുത്തിയേനെ. ഇത്തരം കാപട്യങ്ങള്‍ മനസ് മടുപ്പിക്കും'', സെവാഗ് കുറിച്ചു.