മെല്‍ബണ്‍ :പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഒന്നാം ഇന്നിങ്സ് ലീഡുമായി ഓസ്‌ട്രേലിയ (Australia vs Pakistan 2nd Test). ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സിന്‍റെ ലീഡാണ് ഓസീസ് സ്വന്തമാക്കിയത്. മെല്‍ബണില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 318 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് ഒന്നാം ഇന്നിങ്‌സില്‍ 264 റണ്‍സാണ് നേടാന്‍ സാധിച്ചത് (AUS vs PAK 2nd Test 1st Innings Score). അഞ്ച് വിക്കറ്റ് നേടിയ നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെയും (Pat Cummins) നാല് വിക്കറ്റെടുത്ത സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെയും (Nathan Lyon) പ്രകടനത്തിന് മുന്നിലാണ് പാകിസ്ഥാന്‍ വീണത്.
മെല്‍ബണില്‍ 194-6 എന്ന നിലയിലാണ് പാകിസ്ഥാന്‍ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. സ്കോര്‍ ബോര്‍ഡിലേക്ക് 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ അവര്‍ക്ക് മുഹമ്മദ് റിസ്‌വാനെ (Mohamed Rizwan) നഷ്‌ടപ്പെട്ടു. 52 പന്തില്‍ 41 റണ്‍സ് നേടിയ റിസ്‌വാന്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ഡേവിഡ് വാര്‍ണറിന് (David Warner) ക്യാച്ച് നല്‍കിയാണ് പുറത്തായത്.
പിന്നാലെ ക്രീസിലെത്തിയവര്‍ക്കൊന്നും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സ്കോര്‍ 240ല്‍ നില്‍ക്കെ ഷഹീന്‍ അഫ്രീദി (Shaheen Afridi) 28 പന്തില്‍ 2 റണ്‍സുമായി മടങ്ങി. പിന്നാലെ ഹസന്‍ അലിയും (Hasan Ali) കമ്മിന്‍സിന് മുന്നില്‍ വീണു. മിര്‍ ഹംസയെ (Mir Hamza) അലക്സ് കാരിയുടെ (Alex Carey) കൈകളിലെത്തിച്ച് നഥാന്‍ ലിയോണ്‍ ആണ് പാകിസ്ഥാന്‍റെ പതനം പൂര്‍ത്തിയാക്കിയത്. പാക് നിരയില്‍ 80 പന്തില്‍ 33 റണ്‍സുമായി ആമിര്‍ ജമാല്‍ പുറത്താകാതെ നിന്നു.
നേരത്തെ, മെല്‍ബണില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ഓസ്‌ട്രേലിയ മാര്‍നസ് ലബുഷെയ്‌നിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് 318 എന്ന സ്കോറിലേക്ക് എത്തിയത്. 155 പന്തില്‍ 66 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഓസീസ് നിരയില്‍ ലബുഷെയ്‌ന്‍ ഒഴികെ മറ്റാര്‍ക്കും മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടാന്‍ സാധിച്ചില്ല.
Also Read :ചരിത്രത്തില്‍ ആദ്യം; സെഞ്ചൂറിയനില്‍ വമ്പന്‍ നേട്ടവുമായി കെഎല്‍ രാഹുല്‍
ഡേവിഡ് വാര്‍ണര്‍ (38), ഉസ്‌മാന്‍ ഖവാജ (42), സ്റ്റീവ് സ്മിത്ത് (26), മിച്ചല്‍ മാര്‍ഷ് (41) എന്നിവരാണ് ഓസീസിന്‍റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാനായി ആമിര്‍ ജമാല്‍ മൂന്നും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയിരുന്നു.