ഹാങ്‌സൗ : ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ (Asian Games Womens Cricket) ഇന്ത്യയ്‌ക്കെതിരെ മലേഷ്യയ്‌ക്ക് 174 റണ്‍സ് വിജയലക്ഷ്യം (India Women vs Malaysia Women Score). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിത ടീം 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് നേടി. ഓപ്പണര്‍ ഷഫാലി വര്‍മയുടെ (Shafali Verma) അര്‍ധസെഞ്ച്വറി പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ മലേഷ്യന്‍ ടീം ക്യാപ്‌റ്റൻ വിനിഫ്രെഡ് ദുരൈസിംഗം (Winifred Duraisingam) ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്‌കോറിങ് പതിയെ തുടങ്ങിയ ഇന്ത്യന്‍ വനിത ടീം നാലാം ഓവര്‍ മുതല്‍ കത്തിക്കയറുകയായിരുന്നു. ആദ്യ അഞ്ച് ഓവറില്‍ തന്നെ ടീമിനെ 50 കടത്താന്‍ ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയ്‌ക്കും (Smriti Mandhana) ഷഫാലി വര്‍മയ്‌ക്കും സാധിച്ചു.
എന്നാല്‍ പവര്‍ പ്ലേയുടെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയെ വീഴ്‌ത്തി മഹിറ ഇസാത്തി ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പുറത്താകുമ്പോള്‍ 16 പന്തില്‍ 27 ആയിരുന്നു സ്‌മൃതിയുടെ സമ്പാദ്യം. മൂന്നാം നമ്പറില്‍ ജെമിമ റോഡ്രിഗസ് (Jemimah Rodrigues) എത്തിയതിന് പിന്നാലെ തന്നെ മത്സരത്തിന് രസംകൊല്ലിയായി മഴയുമെത്തി.