ഹാങ്ചോ :ഏഷ്യന്‍ ഗെയിംസ് ടി20 ക്രിക്കറ്റില്‍ (Asian Games WT20I) മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിത ടീം (India Womens Cricket). ഇന്ന് നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശ് വനിതകളെ (Bangladesh Womens Cricket) എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ബംഗ്ലാദേശിന്‍റെ 52 റണ്‍സ് വിജയലക്ഷ്യം 70 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ നിഗര്‍ സുല്‍ത്താനയുടെ (Nigar Sultana) തീരുമാനത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഇന്ത്യയ്‌ക്കായി മത്സരത്തിന്‍റെ ഒന്നാം ഓവര്‍ പന്തെറിഞ്ഞ പൂജ വസ്ത്രകാര്‍ (Pooja Vastrakar) രണ്ട് വിക്കറ്റായിരുന്നു ആ ഓവറില്‍ നേടിയത്.
ഓപ്പണര്‍മാരായ ഷതി റാണിയും ഷമിമ സുല്‍ത്താനയും റണ്‍സൊന്നുമെടുക്കാതെ വീണതോടെ ബംഗ്ലാ വനിതകള്‍ പതറി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച നിഗര്‍ സുല്‍ത്താനയും ശോഭന മോസ്‌തരിയും ചേര്‍ന്ന് പതിയെ ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, അഞ്ചാം ഓവറില്‍ വീണ്ടും പൂജ ബംഗ്ലാദേശിന് പ്രഹരമേല്‍പ്പിച്ചു.
ശോഭന മോസ്‌തരിയാണ് (8) ഇത്തവണ പൂജയുടെ ഇരയായത്. തൊട്ടടുത്ത ഓവറില്‍ ടിറ്റാസ് സധു ഷൊര്‍ണ അക്തറെ വീഴ്‌ത്തിയതോടെ അവര്‍ കൂട്ടതകര്‍ച്ചയിലേക്കും വീണു. പിന്നീടെത്തിയ ബംഗ്ലാ ബാറ്റര്‍മാര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുമായില്ല.
12 റണ്‍സ് നേടിയ ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ നിഗര്‍ സുല്‍ത്താന ആയിരുന്നു മത്സരത്തില്‍ അവരുടെ ടോപ് സ്കോററും രണ്ടക്കം കടന്ന ഏക ബാറ്ററും. ഓപ്പണര്‍മാരുള്‍പ്പടെ അഞ്ച് പേര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി പന്തെറിഞ്ഞ പൂജ വസ്ത്രകാര്‍ നാല് വിക്കറ്റ് നേടി. ടിറ്റാസ് സധു, അമന്‍ജ്യോത് കൗര്‍, രാജേശ്വരി ഗെയ്‌ക്‌വാദ്, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് നാലാം ഓവറില്‍ ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയെ (7) നഷ്‌ടപ്പെട്ടെങ്കിലും ഷഫാലി വര്‍മയും ജെമിമ റോഡ്രിഗസും ചേര്‍ന്ന് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 21 പന്തില്‍ 17 റണ്‍സ് നേടിയ ഷഫാലി ജയത്തിന് 12 റണ്‍സ് അകലെയാണ് വീണത്. 15 പന്തില്‍ 20 റണ്‍സുമായി ജെമിമയും ഒരു റണ്‍സ് നേടിയ കനിക അഹുജയും പുറത്താകാതെ നിന്നു. ഇന്ന് നടക്കുന്ന ശ്രീലങ്ക പാകിസ്ഥാന്‍ രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ നേരിടുന്നത്.