മുംബൈ:ഏഷ്യന്‍ ഗെയിംസില്‍ (Asian Games) ഇന്ത്യന്‍ പുരുഷ-വനിത ക്രിക്കറ്റ് ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പായി. മത്സരങ്ങള്‍ക്ക് രാജ്യാന്തര ടി20 പദവി നല്‍കുന്നതോടെ ഐസിസി (ICC) റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ടീമുകള്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും എവസാന എട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്നിലെ ഐസിസി ടി20 ലോക റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഈ നാല് ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചൈനയിലെ ഹാങ്‌ഝൗ ഷെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്രിക്കറ്റ് ഫീൽഡില്‍ നടക്കുന്ന ഏഷ്യാഡില്‍ ആദ്യം വനിത ക്രിക്കറ്റ് മത്സരങ്ങളാണ് നടക്കുക. ഇതിന് ശേഷമാകും പുരുഷ ടീമിന്‍റെ മത്സരങ്ങള്‍.
സെപ്‌റ്റംബര്‍ 19 മുതല്‍ 26 വരെയാണ് വനിത ക്രിക്കറ്റ് മത്സരങ്ങള്‍. ആകെ 14 ടീമുകളാണ് ഏഷ്യാഡില്‍ സ്വര്‍ണ മെഡലിന് വേണ്ടി മാറ്റുരയ്‌ക്കുന്നത്. ടൂര്‍ണമെന്‍റില്‍ സെപ്‌റ്റംബര്‍ 22നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം പിടിക്കാനായാല്‍ ഇന്ത്യന്‍ വനിത ടീമിന് സെപ്‌റ്റംബര്‍ 25ന് സെമി ഫൈനല്‍ കളിക്കാം. സ്വര്‍ണ മെഡലിനും വെങ്കലത്തിനും വേണ്ടിയുള്ള പോരാട്ടം അടുത്ത ദിവസം തന്നെയാണ് നടക്കുന്നത്. ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ വനിത ടീം ചൈനയിലെത്തുന്നത്.
അതേസമയം, ഏഷ്യാഡില്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാല്‍ മാത്രമെ വനിത ടീം ക്യാപ്‌റ്റന് കളിക്കാന്‍ സാധിക്കൂ. അടുത്തിടെ അവസാനിച്ച ബംഗ്ലാദേശ് പര്യടനത്തിലെ മോശം പെരുമൊറ്റത്തിന്‍റെ പേരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തെ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നതിനാലാണ് ഇത്.