മുംബൈ:ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഓപ്പണിങ് ബാറ്റര്‍ റിതുരാജ് ഗെയ്ക്വാദിന് (Ruturaj Gaikwad) കീഴിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുക. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ട് വരെ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്.
ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളെ ഏഷ്യ കപ്പിന് പരിഗണിച്ചേക്കില്ലയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് അല്ലെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ടീമിനെ ബിസിസിഐ ഏഷ്യ കപ്പിനായി അയക്കുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവരെയും സ്ക്വാഡിലേക്ക് പരിഗണിച്ചില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ യശസ്വി ജയ്സ്വാള്‍ (Yashasvi Jaiswal) ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. നായകന് ഗെയ്ക്വാദിന് പുറമെ രാഹുല്‍ ത്രിപാഠി (Rahul Tripathi), തിലക് വര്‍മ (Tilak Varma) എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍.