കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (എസിസി) 2023-24 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ പ്രഖ്യാപനത്തിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി വിമര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. എസിസി പ്രസിഡന്‍റ് ജയ് ഷായാണ് ക്രിക്കറ്റ് കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 'ഏകപക്ഷീയമായി' ആണ് ജയ് ഷാ കലണ്ടര്‍ അവതരിപ്പിച്ചതെന്നായിരുന്നു സേത്തിയുടെ വിമർശനം.
ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എസിസി. സ്ഥാപിതമായ നടപടിക്രമങ്ങൾ പാലിച്ചാണ് കലണ്ടര്‍ പ്രഖ്യാപിച്ചതെന്ന് എസിസി പ്രസ്‌താവനയില്‍ വ്യക്തമാക്കി. 2022 ഡിസംബർ 13-ന് നടന്ന യോഗത്തിൽ ഡവലപ്‌മെന്‍റ് കമ്മിറ്റിയും ഫിനാൻസ് ആൻഡ് മാർക്കറ്റിങ് കമ്മിറ്റിയും കലണ്ടറിന് അംഗീകാരം നൽകിയിട്ടുണ്ട്.