കറാച്ചി : മോശം ഫോമിലാണെങ്കിലും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് പാകിസ്ഥാൻ മുന്‍ ക്യാപ്റ്റൻ വസീം അക്രം. ഒരു വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോലിക്കെതിരെ ഉയരുന്നത് അനാവശ്യ വിമർശനങ്ങളാണെന്നും അക്രം പറഞ്ഞു. ഏഷ്യ കപ്പിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സിനോടാണ് അക്രത്തിന്‍റെ പ്രതികരണം.
കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്നതിൽ തനിക്ക് സംശയമില്ലെന്നും പാക് ഇതിഹാസം പറഞ്ഞു. " കഴിഞ്ഞ വര്‍ഷം മുതല്‍ നോക്കാം, സോഷ്യല്‍ മീഡിയയില്‍ കോലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് ഞാന്‍ കാണുന്നുണ്ട്. അവരിൽ ഭൂരിഭാഗവും, ആരാധകരോ മാധ്യമപ്രവർത്തകരോ, അല്ലെങ്കിൽ അവർ ആരായാലും, അതെല്ലാം അനാവശ്യമാണ്. നോക്കൂ.. അവന് 33 വയസ്സേ ഉള്ളൂ, അവന്‍ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്" - വസീം അക്രം പറഞ്ഞു.
"അവന്‍ അസാധരണ പ്രതിഭയാണ്. എല്ലാ ഫോർമാറ്റുകളിലും 50-ലധികമാണ് ശരാശരി. മികച്ച ഫിറ്റ്നസാണ് അവനുള്ളത്. അവൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ഫോം താൽക്കാലികമാണ്, എന്നാല്‍ ക്ലാസ് ശാശ്വതമാണ്.