ന്യൂഡല്‍ഹി:ഏകദിന ലോകകപ്പിന് (ODI World Cup 2023) മുന്‍പ് വേണ്ട അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തി മികച്ച കോമ്പിനേഷന്‍ കണ്ടെത്താന്‍ ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇനി ഏഷ്യ കപ്പ് (Asia Cup 2023) ആണ്. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ഇനി 9 നാളുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐ (BCCI) ഇന്ന് (ഓഗസ്റ്റ് 21) പ്രഖ്യാപിക്കാനാണ് സാധ്യത (India Squad For Asia Cup 2023).
ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിസിസിഐ യോഗത്തിന് (BCCI Meeting At Delhi) ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയും (Rohit Sharma) പരിശീലകന് രാഹുല്‍ ദ്രാവിഡും (Rahul Dravid) സെലക്ഷന് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏഷ്യ കപ്പില്‍ മധ്യനിരയില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ (India Number Four Batter) കളിക്കാനായി ആരെയാകും ടീം മാനേജ്മെന്റ് തെരഞ്ഞെടുക്കുക എന്നതിനെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ പരിക്കാണ് സെലക്ഷന് കമ്മിറ്റിക്കും ടീം മാനേജ്മെന്റിനും നിലവില്‍ തലവേദന. രാഹുല്‍ അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്നുണ്ടെന്നും ഏഷ്യ കപ്പിലൂടെ താരം ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ശ്രേയസ് അയ്യരുടെ തിരിച്ചുവരവിലാണ് നിലവില്‍ ടീമില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
ഏകദിന ക്രിക്കറ്റില്‍ സ്ഥിരമായി ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന ശ്രേയസ് അയ്യര്‍ക്ക് എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇതോടെയാണ് ആ പൊസിഷനില്‍ കളിപ്പിക്കാനുള്ള താരങ്ങള്‍ക്കായി ടീം മാനേജ്മെന്റ് പരീക്ഷണങ്ങളും ആവര്‍ത്തിച്ചത്.
നാലാം നമ്പറില്‍ 'നാല്' താരങ്ങള്‍ പരിഗണനയില്‍ :ഏഷ്യ കപ്പ് ഇന്ത്യന്‍ സ്ക്വാഡ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ആരെത്തുമെന്നത് കണ്ടറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം പിടിച്ചില്ലെങ്കില്‍ പകരം സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, സഞ്ജു സാംസണ്, തിലക് വര്‍മ എന്നിവരില്‍ ഒരാളായിരിക്കും ടീമിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.