കൊളംബോ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ശ്രീലങ്ക (Srilanka vs Bangladesh Match Result). ഏറെ നിര്‍ണായകമായ മത്സരത്തില്‍ ലങ്കയോടെ 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ബംഗ്ലാദേശിന്‍റെ ഏഷ്യ കപ്പ് മോഹങ്ങളും തുലാസിലായി (Srilanka vs Bangladesh Score). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ശ്രീലങ്ക 257 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് 236 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് ജയമൊരുക്കിയത്. ദസുന്‍ ഷണക, മതീഷ പതിരണ, മഹീഷ് തീക്ഷ്‌ണ എന്നിവര്‍ ലങ്കയ്‌ക്കായി മൂന്ന് വീതം വിക്കറ്റുകളാണ് നേടിയത്.
258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് മത്സരത്തില്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാല്‍, തുടക്കം കൃത്യമായി മുതലെടുക്കാന്‍ ബംഗ്ലാ നിരയില്‍ ആര്‍ക്കും സാധിച്ചില്ല. മുഷ്‌ഫീഖര്‍ റഹീം (28), ക്യാപ്‌റ്റൻ ഷക്കിബ് അല്‍ ഹസന്‍ (3) ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ നിറം മങ്ങിയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.
97 പന്തില്‍ 82 റണ്‍സ് നേടി തൗഹിദ് ഹൃദോയ് ടീമിന് പ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും അവര്‍ക്ക് ജയത്തിലേക്ക് എത്താനായിരുന്നില്ല. ആദ്യ വിക്കറ്റില്‍ 55 റണ്‍സ് നേടിയ ബംഗ്ലാദേശ് പിന്നീടാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. 12-ാം ഓവറില്‍ മെഹദി ഹസനെ (28) മടക്കി ദസുന്‍ ഷണകയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.