കൊളംബോ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ (Asia Cup Super 4) പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്‌ത്തി ശ്രീലങ്ക (Srilanka vs Pakistan) ഫൈനലില്‍. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനാണ് ശ്രീലങ്ക പാക് പടയെ വീഴ്‌ത്തിയത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 17) ഏഷ്യ കപ്പ് ചരിത്രത്തിലെ 11-ാം ഫൈനലിന് ഇറങ്ങുന്ന ശ്രീലങ്കയ്‌ക്ക് ഇന്ത്യയാണ് (Asia Cup 2023 Final) എതിരാളി.
മഴയെ തുടര്‍ന്ന് 42 ഓവറാക്കി വെട്ടിച്ചുരുക്കിയായിരുന്നു ശ്രീലങ്ക പാകിസ്ഥാന്‍ മത്സരം നടന്നത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സ് നേടി. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് റിസ്‌വാന്‍ (Mohammad Rizwan) ആയിരുന്നു അവരുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ അനായാസം മത്സരം ലങ്ക സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന പന്തുവരെ അവര്‍ക്ക് ജയത്തിനായി കാത്തിരിക്കേണ്ടി വന്നു. സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് അകലെ വീണ കുശാല്‍ മെന്‍ഡിസാണ് (Kusal Mendis) മത്സരത്തിലെ ശ്രീലങ്കന്‍ ടോപ് സ്‌കോറര്‍. 47 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയുടെ (Charith Asalanka) പ്രകടനവും അവരുടെ ജയത്തില്‍ ഏറെ നിര്‍ണായകമായി.
കുശാല്‍ പെരേരയെ (17) തുടക്കത്തില്‍ നഷ്‌ടപ്പെട്ടെങ്കിലും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കുശാല്‍ മെന്‍ഡിസ് ഓപ്പണര്‍ പാതും നിസങ്കയെ കൂട്ടുപിടിച്ച് അനായാസമായിരുന്നു മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 57 റണ്‍സടിച്ചതോടെ ശ്രീലങ്ക പതിയെ ട്രാക്കിലേക്ക് വന്നു. സ്‌കോര്‍ 77ല്‍ നില്‍ക്കെ നിസങ്കയെ ഷദാബ് ഖാന്‍ മടക്കി.