കൊളംബോ :മഴപ്പേടി നിലനില്‍ക്കെ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) നേര്‍ക്കുനേര്‍ പോരിനൊരുങ്ങി ഇന്ത്യയും പാകിസ്ഥാനും (India vs Pakistan). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. കൊളംബോയില്‍ ഇന്ന് മഴ സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ മത്സരം നടക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്. എന്നാല്‍, സൂപ്പര്‍ ഫോറിലെ ഇന്ത്യ പാക് പോരാട്ടത്തിന് റിസര്‍വ് ദിനം അനുവദിച്ചിരിക്കുന്നതുകൊണ്ട് ഇന്ന് തടസപ്പെട്ടാലും നാളെ മത്സരം പുനരാരംഭിക്കാന്‍ സാധിക്കും(Asia Cup Super 4 India vs Pakistan Preview).
കൊളംബോയില്‍ പെയ്യുമോ മഴ..? (Weather Report Colombo):ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് വേദിയാകുന്ന കൊളംബോയില്‍ ഇന്ന് രാവിലെ മഴ പെയ്‌തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂടിക്കെട്ടിയ അന്തരീക്ഷമാണെന്നും വരുന്ന മണിക്കൂറുകളില്‍ ഇവിടെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിമുതല്‍ ഏഴ് മണിവരെ കൊളംബോയില്‍ 50 ശതമാനം മുതല്‍ 70 ശതമാനം വരെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ത്യയ്‌ക്ക് മത്സരം നിര്‍ണായകം :സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണ് ഇന്നത്തേത്. മറുവശത്ത് പാകിസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം ജയവും ഫൈനലും ലക്ഷ്യമിട്ടാണ് ഇറങ്ങുക. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.
ബാബര്‍ അസമിനും സംഘത്തിനും പിന്നാലെ കഴിഞ്ഞ ദിവസം ശ്രീലങ്കയും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ കളിയില്‍ ടീം ഇന്ത്യ തോല്‍വി വഴങ്ങിയാല്‍ മുന്നിലേക്കുള്ള യാത്ര കഠിനമായേക്കാം. തുടര്‍ച്ചയായ രണ്ട് കളികളും തോറ്റ് ബംഗ്ലാദേശ് ഏറെക്കുറെ പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഇപ്പോള്‍ ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്.