ദുബായ്:ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 182 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സ് നേടിയത്. 44 പന്തില്‍ 60 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും, കെ എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 പന്തില്‍ 28 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്.
പവര്‍ പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാരിസ് റൗഫ് ആണ് രോഹിതിനെ മടക്കിയത്. പിന്നാലെ കെ എല്‍ രാഹുലിനെ (20 പന്തില്‍ 28 മടങ്ങി) ഷദാബ് ഖാന്‍ പുറത്താക്കി. വിരാട് കോലിയും, സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി.
പത്താം ഓവറില്‍ സൂര്യകുമാര്‍ യാദവിനെ ആസിഫ് അലിയുടെ കൈകളിലെത്തിച്ച് മൊഹമ്മദ് നവാസ് ഇന്ത്യയ്‌ക്ക് പ്രഹരമേല്‍പ്പിച്ചു. അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റിഷഭ് പന്തിന്‍റെ വിക്കറ്റും നഷ്‌ടമായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. പന്ത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു.
14.4 ഓവറില്‍ 131 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ ദീപക് ഹൂഡ കോലിക്കൊപ്പം റണ്‍സ് ഉയര്‍ത്തി. അതിനിടെ പതിനെട്ടാം ഓവറിലാണ് വിരാട് കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏഷ്യ കപ്പില്‍ വിരാട് കോലിയുടെ രണ്ടാം അര്‍ധ ശതകമാണിത്.
കോലി- ഹൂഡ സഖ്യം 37 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ കോലി റണ്ണൗട്ടായി. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. അവസാന രണ്ട് പന്ത് നേരിട്ട രവി ബിഷ്‌ണോയ് രണ്ട് ഫോറിന്‍റെ അകമ്പടിയോടെ 8 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 181-ല്‍ എത്തി. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താകതെ നിന്നു.
മത്സരത്തില്‍ ഷദാബിന് രണ്ടും, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.