ദുബായ് :എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് ശ്രീലങ്ക ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നല്‍കിയത്. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച സംഘം തങ്ങളുടെ ആറാം ഏഷ്യ കപ്പ് കിരീടമാണ് നേടിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ലങ്കന്‍ ജനതയ്‌ക്ക് പുഞ്ചിരിക്കുള്ള വകകൂടിയാണ് ഈ വിജയം.
ലങ്കയുടെ തിരിച്ചുവരവില്‍ ഏറെ സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിനന്ദനവുമായി രംഗത്തെത്തി. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീറും ചേര്‍ന്നിരുന്നു.
ശ്രീലങ്കന്‍ പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗംഭീറിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മത്സര ശേഷം ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് ഗൗതം ഗംഭീര്‍ ലങ്കന്‍ പതാകയേന്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. താരം തന്നെ ഇതിന്‍റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.