ദുബായ്: ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി, പാക് നായകന്‍ ബാബര്‍ അസം എന്നിവരില്‍ ആരാണ് മികച്ച താരമെന്ന ചര്‍ച്ചകള്‍ ഏറെനാളായി നടക്കുന്നുണ്ട്. ആര്‍ക്കുമാര്‍ക്കും വിട്ടുകൊടുക്കാന്‍ ഇരുവരുടേയും ആരാധകര്‍ തയ്യാറാവാറില്ല. ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട കളിക്കാരനെ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ.
വിരാട് കോലിയാണ് തന്‍റെ പ്രിയപ്പെട്ട കളിക്കാരനെന്നാണ് ജയസൂര്യ പറയുന്നത്. ഏഷ്യ കപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള ഒരു ചര്‍ച്ചയ്‌ക്കിടെ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് ജയസൂര്യയുടെ പ്രതികരണം. തന്‍റെ മകന്‍റേയും പ്രിയപ്പെട്ട കളിക്കാരന്‍ കോലിയാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
മോശം ഫോമിനാല്‍ വലഞ്ഞിരുന്ന കോലി ഏഷ്യ കപ്പിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനവുമായി താരം തിളങ്ങിയിരുന്നു. വെറും 61 പന്തില്‍ 122 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നിരുന്നു.