കൊളംബോ :ഏഷ്യ കപ്പിലെ (Asia Cup 2023) ആവേശം അലതല്ലുന്ന സൂപ്പര്‍ ഫോര്‍ (Super Four) പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ (Against Srilanka) പാകിസ്‌താന് (Pakistan) ഭേദപ്പെട്ട സ്‌കോര്‍. ടോസ് മുതല്‍ തന്നെ മഴ (Rain) വഴിമുടക്കിയതോടെ 42 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സാണ് പാകിസ്‌താന്‍ നേടിയത്. അതേസമയം ഇന്നത്തെ മത്സരം ജയിച്ച് ഇന്ത്യയ്‌ക്കൊപ്പമുള്ള ഫൈനലിന് ടിക്കറ്റെടുക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത് (Asia Cup Pak Vs Srilanka Match).
വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്‌വാന്‍, ഇത്തവണ പ്ലെയിങ് സ്‌ക്വാഡില്‍ ഇടം നേടിയ അബ്‌ദുല്ല ഷഫീഖ്, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇഫ്‌തിഖര്‍ അഹമ്മദ് എന്നിവരുടെ ബാറ്റിങ്ങാണ് പാക് നിരയ്‌ക്ക് കരുത്തായത്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ മുമ്പ് ബംഗ്ലാദേശിനെ ഇരുടീമുകളും പരാജയപ്പെടുത്തിയിരുന്നുവെങ്കിലും ഇരുവരും ഇന്ത്യക്ക് മുന്നില്‍ വീണിരുന്നു. ഇതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തായ ടീമുകള്‍ക്ക് ഈ മത്സരം ജീവന്മരണ പോരാട്ടമായി മാറുകയായിരുന്നു.
വീണ്ടും മഴക്കളി : മഴ മൂലം ടോസ് വൈകിയ മത്സരമായിരുന്നിട്ടും ഇരു ടീമുകള്‍ക്കും ആരാധകര്‍ക്കുമിടയിലും ആവേശത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. പിന്നാലെ ടോസ് നേടിയ പാകിസ്‌താന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഓപ്പണര്‍മാരായി അബ്‌ദുള്ള ഷഫീഖും ഫഖര്‍ സമാനും ക്രീസിലെത്തി. എന്നാല്‍ കസുന്‍ രജിതയ്‌ക്ക് പകരം ടീമിലെത്തിയ പ്രമോദ് മധുഷന്‍ മെയ്‌ഡന്‍ ഓവറുകൊണ്ടാണ് പാക് നിരയെ പരീക്ഷിച്ചത്. പിന്നാലെയെത്തിയ തീക്ഷണയും നല്ല സ്‌പെല്‍ കണ്ടെത്തിയതോടെ ബൗണ്ടറികള്‍ കണ്ടെത്താനാവാതെ പാക് ബാറ്റര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ ചെറിയ അക്കങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാലാമത്തെ ഓവറിലെ രണ്ടാം പന്തില്‍ ഫഖര്‍ സമാനെ പുറത്താക്കി പ്രമോദ് ശ്രീലങ്കയ്‌ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി.
തൊട്ടുപിന്നാലെ പാക് നായകന്‍ ബാബര്‍ അസം ക്രീസിലെത്തി. അബ്‌ദുള്ള ഷഫീഖിന് മികച്ച പിന്തുണ നല്‍കിയതോടെ പാക് സ്‌കോര്‍ബോര്‍ഡും വേഗത്തില്‍ ചലിച്ചുതുടങ്ങി. എന്നാല്‍ 15ാം ഓവറില്‍, ഇന്ത്യയെ വട്ടംകറക്കിയ ശ്രീലങ്കന്‍ സ്‌പിന്നര്‍ ഡുനിത് വെല്ലലഗെ പാക് നായകനെ കൂടാരത്തേക്ക് മടക്കി. 35 പന്തില്‍ മൂന്ന് ബൗണ്ടറികളുമായി 29 റണ്‍സ് നേടിയ ബാബറിനെ വെല്ലലഗെ ബൗള്‍ഡാക്കിയാണ് മടക്കിയത്. ഇതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ കളത്തിലെത്തി. റിസ്‌വാന്‍റെ വരവോടെയാണ് പാകിസ്‌താന്‍ യഥാര്‍ത്ഥത്തില്‍ മത്സരം ആരംഭിക്കുന്നത്. ക്രീസിലുണ്ടായിരുന്ന ഷഫീഖ് (69 പന്തില്‍ 52), മുഹമ്മദ് ഹാരിസ് (9 പന്തില്‍ മൂന്ന് രണ്‍സ്), മുഹമ്മദ് നവാസ് (12 പന്തില്‍ 12 റണ്‍സ്) എന്നിവര്‍ അടുത്തടുത്തായി മടങ്ങിയപ്പോഴും റിസ്‌വാന്‍ ഉറച്ചുനിന്നു.
റിസ്‌വാന്‍ ഇന്നിങ്‌സ് :പിന്നാലെ മികച്ച പിന്തുണയുമായി ഇഫ്‌തിഖര്‍ അഹമ്മദ് കൂടി എത്തിയതോടെ പാക് സ്‌കോര്‍ 230 പിന്നിട്ടു. എന്നാല്‍ 40ാം ഓവറിലെ മൂന്നാം പന്തില്‍ മതീഷ പതിരണ ഈ കൂട്ടുകെട്ടില്‍ വിള്ളലുണ്ടാക്കി. 40 പന്തില്‍ 47 റണ്‍സുമായി കരുത്തോടെ ബാറ്റ് വീശിയ ഇഫ്‌തിഖര്‍ അഹമ്മദ് പതിരണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദാസുൻ ഷനകയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും സ്വന്തമാക്കിയായിരുന്നു ഇഫ്‌തിഖര്‍ കളം വിട്ടത്.
തൊട്ടുപിന്നാലെ ഷദാബ് ഖാന്‍ (മൂന്ന് പന്തില്‍ മൂന്ന്), ഷഹീന്‍ അഫ്രീദി (ഒരു പന്തില്‍ ഒന്ന്) എന്നിവര്‍ എത്തിയെങ്കിലും ഇവര്‍ക്ക് കാര്യമായ പന്തുകളും കാര്യമായ സ്‌കോറും കണ്ടെത്താനായില്ല. എന്നാല്‍ ഇതിനിടെ മുഹമ്മദ് റിസ്‌വാന്‍ 73 പന്തില്‍ 86 റണ്‍സ് ടീം സ്‌കോറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു റിസ്‌വാന്‍റെ നിര്‍ണായക ഇന്നിങ്‌സ്. അതേസമയം ശ്രീലങ്കയ്‌ക്കായി മതീഷ പതിരണ മൂന്നും പ്രമോദ് മധുഷന്‍ രണ്ടും മഹീഷ തീക്ഷണ, ഡുനിത് വെല്ലലഗെ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.