മുംബൈ:ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പല താരങ്ങളുടെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും സംബന്ധിച്ച് നിരവധി ചര്‍ച്ചകളും നടക്കുന്നുണ്ട്. വെറ്ററന്‍ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെ ഇനിയും ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും കമന്‍റേറ്ററുമായ അജയ് ജഡേജ.
ആക്രമണോത്സുക ക്രിക്കറ്റാണ് ഇന്ത്യന്‍ ടീം കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലെ തെരഞ്ഞെടുപ്പ് മാറ്റേണ്ടിവരുമെന്നും അജയ് ജഡേജ പറഞ്ഞു. ‘‘പതിവ് ശൈലിയില്‍ നിന്നും മാറി ആക്രമണോത്സുക ക്രിക്കറ്റാണ് നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ടീം തെരഞ്ഞെടുപ്പില്‍ മാറ്റം വേണ്ടിവരും. വിരാട് കോലിയും രോഹിത് ശര്‍മയും ടീമിലുണ്ടെങ്കില്‍ നിങ്ങള്‍ എന്ത് വിലകൊടുത്തും ദിനേഷ് കാര്‍ത്തിക്കിനെ കളിപ്പിക്കേണ്ടിവരും.
അദ്ദേഹം ടീമിന്‍റെ ഇന്‍ഷുറന്‍സാണ്. ഈ രണ്ട് താരങ്ങളും കളിക്കുന്നില്ലെങ്കിൽ കാർത്തിക്കിനും അവിടെ സ്ഥാനമില്ല. കാർത്തിക്കിനെ ഞാൻ ടീമിലെടുക്കില്ല. അദ്ദേഹത്തിന് എന്‍റെയൊപ്പം കമന്‍ററി ബോക്‌സിൽ ഇരിക്കാം. കമന്‍റേറ്റർ എന്ന നിലയിൽ അദ്ദേഹം വളരെ മികച്ചതാണ്.’’ അജയ് ജഡേജ പറഞ്ഞു.