ദുബായ്:ഏഷ്യ കപ്പ് ക്രിക്കറ്റില്‍ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് എയില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ്ങിന്‍റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 152-ല്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരം പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചത്.
193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഹോങ്കോങ്ങിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ നിസാഖത് ഖാന്‍ (10) റണ്‍ ഔട്ടായി. 41 റണ്‍സ് നേടിയ ബാബര്‍ ഹയാത് ആണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. കിഞ്ചിത് ഷാ 30 റണ്‍സ് നേടി പുറത്തായി.
യാസിം മുര്‍താസ (9), ഐസാസ് ഖാന്‍ (14) എന്നിവരുടെ വിക്കറ്റുകളും ഹോങ്കോങ്ങിന് നഷ്‌ടമായി. പുറത്താകാതെ നിന്ന സീഷന്‍ അലി (26), സ്‌കോട്ട് മെക്കന്‍സി (16) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 150 കടത്തിയത്. ഇന്ത്യയ്‌ക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെയും(59), സൂര്യകുമാർ യാദവിന്‍റെയും (68) ബാറ്റിങ് മികവിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 192 റണ്‍സാണ് നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് നൽകിയത്. എന്നാൽ നാലാം ഓവറിന്‍റെ അവസാന പന്തിൽ രോഹിത് ശർമയുടെ (21) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി.
തുടർന്നിറങ്ങിയ വിരാട് കോലി കെ എൽ രാഹുലിനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 94ൽ നിൽക്കെ രാഹുലിനെയും (36) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. എന്നാൽ പിന്നീട് കോലിയുടെയും സൂര്യകുമാറിന്‍റെയും തീപ്പൊരി ഷോട്ടുകൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരുവരും ഹോങ്കോങ് ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ചു.
ഇതിനിടെ 18-ാം ഓവറിലെ രണ്ടാം പന്തിൽ കോലി തന്‍റെ അർധശതകം പൂർത്തിയാക്കി. 40 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെയാണ് കോലി അർധ ശതകം തികച്ചത്. പിന്നാലെ വെടിക്കെട്ടുമായി സൂര്യകുമാർ യാദവും കളം നിറഞ്ഞു. അർഷാദ് മുഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ നാല് കൂറ്റൻ സിക്‌സുകൾ ഉൾപ്പടെ 26 റണ്‍സാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്. ഇതിനിടെ താരം തന്‍റെ അർധശതകവും പൂർത്തിയാക്കി. വെറും 22 പന്തിൽ നിന്നാണ് സൂര്യകുമാർ അർധസെഞ്ച്വറി നേടിയത്. 6 വീതം സിക്‌സുകളും ഫോറുകളുമാണ് താരം നേടിയത്. 26 പന്തില്‍ പുറത്താകാതെ 68 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.