ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്‍റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ലങ്കന്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവര്‍ എറിയാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത് യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനെയായിരുന്നു. 19ാം ഓവറില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ ലങ്ക അനായാസ ജയം പിടിക്കുമെന്നായിരുന്നു പലരും കരുതിരുന്നത്.
കാരണം വെറും ഏഴ് റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാല്‍ യോര്‍ക്കറുമായി കളം നിറഞ്ഞ താരം ബൗണ്ടറി വഴങ്ങാതിരുന്നതോടെ റണ്‍സ് ഓടിയെടുത്താണ് ലങ്ക വിജയം നേടിയത്. അഞ്ചാം പന്തില്‍ ലഭിച്ച റണ്ണൗട്ട് അവസരം റിഷഭ് പന്തും അര്‍ഷ്‌ദീപും പാഴാക്കുകയും ചെയ്‌തു.
ഓരോ പന്തിലും അര്‍ഷ്‌ദീപിന് പിന്തുണയുമായി രോഹിത്തുണ്ടായിരുന്നു. എന്നാല്‍ അര്‍ഷ്‌ദീപ് പറഞ്ഞ എന്തോ ഒരു കാര്യത്തിനോടുള്ള രോഹിത്തിന്‍റെ സമീപനം ചര്‍ച്ചയാവുകയാണ്. താരത്തിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതിരുന്ന രോഹിത് തിരിഞ്ഞ് നടക്കുകയായിരുന്നു.
Also read: Asia Cup| 'തോന്നിയ ഇടത്തല്ല, യോജിച്ച സ്ഥാനത്ത് കളിപ്പിക്കണം'; ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനെതിരെ റോബിന്‍ ഉത്തപ്പ
സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രോഹിത്തിന്‍റെ ഇത്തരം മനോഭാവം ഒരിക്കലും ടീമിന് ഗുണം ചെയ്യില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.