ദുബായ് : 2018ലെ ഏഷ്യ കപ്പിലേറ്റ പരിക്ക് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറില്‍ കരിനിഴലായിരുന്നു. ദുബായില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ സ്‌ട്രെക്‌ചറിലാണ് അന്ന് കളത്തിന് പുറത്തെത്തിച്ചത്. പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ഹാര്‍ദിക് പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന് പഴയ ഫോം പുലര്‍ത്താനായിരുന്നില്ല.
ഇതിന് ശേഷം പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു താരം. ഇതിനിടെ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിച്ചുവെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നില്ല. ലോക കപ്പിന് പിന്നാലെ ടീമില്‍ വിട്ടു നിന്ന താരം ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. പൂര്‍ണ ക്ഷമതയോടെ പന്തെറിയാനാവുമ്പോഴേ തിരിച്ചെത്തൂവെന്ന് വ്യക്തമാക്കിയാണ് താരം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നത്.
പിന്നാലെ നടന്ന ഐപിഎല്ലിലാണ് ഹാര്‍ദിക് പാണ്ഡ്യ സാക്ഷാല്‍ പവര്‍ പാണ്ഡ്യയാവുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ താരം ടീമിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലെത്തിച്ചു. ഓള്‍ റൗണ്ടര്‍ മികവുമായി ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവാനും പാണ്ഡ്യയ്‌ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് വമ്പന്‍ തിരിച്ചുവരവാണ് ഹാര്‍ദിക് നടത്തിയത്.